‘മരം മുറിച്ചെന്റെ തലയിലിട്ടോളൂ’, തണല്‍മരം മുറിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകന്റെ ഒറ്റയാള്‍ പോരാട്ടം; ഒടുവില്‍ തോറ്റു മടങ്ങി അധികൃതര്‍

കൊല്ലം കളക്ട്രേറ്റിന് സമീപം ടൗണ്‍ യു.പി സ്‌കൂള്‍ പരിസരത്ത് നിലനിന്നിരുന്ന കൂറ്റന്‍ തണല്‍ വൃക്ഷം മുറിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് ഫലം കണ്ടു. ദോശാഭിമാനി ഫോട്ടോഗ്രാഫര്‍ ആര്‍ സഞ്ജീവ് ആണ് പി.ഡബ്ല്യൂ.ഡി ജീവനക്കാരുടെ നേതൃത്വത്തില്‍ മരം മുറിക്കാനുള്ള നടപടിയെ എതിര്‍ത്തിരുന്നത്.

ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. കളക്ട്രേറ്റിന് സമീപം ഫോട്ടോയെടുക്കാനെത്തിയപ്പോഴാണ് മരം മുറിക്കാനുള്ള അധികൃതരുടെ നീക്കം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ മരം മുറിക്കാനനുവദിക്കില്ലെന്ന് അധികൃതരോട് സഞ്ജീവ് പറഞ്ഞെങ്കിലും ഈ കാര്യം കളക്ടറോട് പോയി പറയാനായിരുന്നു അധികൃതര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ മരം മുറിച്ച് തന്റെ തലയിലിട്ടോളൂ എന്നു പറഞ്ഞ് മരത്തിന്റെ ചുവട്ടില്‍ സഞ്ജീവ് കുത്തിയിരുന്നു. ഒടുവില്‍ വെസ്റ്റ് സി.ഐ ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.

പൊലീസും അധികൃതരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മരം ചുവടോടെ വെട്ടിമാറ്റാതെ റോഡിലേക്ക് നില്‍ക്കുന്ന ഉണങ്ങിയ ശിഖിരങ്ങള്‍ മാത്രമെ മുറിക്കുവെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് സഞ്ജീവ് പറഞ്ഞു. കൊല്ലം നഗരത്തില്‍ തണലേകുന്ന കുറച്ച് വൃക്ഷങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്. കുറച്ചുനാളായി ഈ വൃക്ഷങ്ങളൊക്കെ മുറിച്ചുമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. പ്രളയത്തിന്റെ പേരില്‍ ഇനിയും മരം മുറിക്കാനെത്തിയാല്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ നിപ്പാ വൈറസ് ബാധ ഉണ്ടായ സമയത്ത് വവ്വാലുകള്‍ അധിവസിക്കുന്നുവെന്ന കാരണം ചൂണ്ടികാട്ടി മരം മുറിച്ചുമാറ്റാന്‍ ശ്രമം നടന്നിരുന്നു. ഇപ്പോള്‍ വീണ്ടും പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മരം അപകടാവസ്ഥയിലാണെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മരം മുറിച്ചുമാറ്റാന്‍ നടപടിയെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം. യാതൊരുവിധ ഉത്തരവുമില്ലാതെയാണ് അധികൃതര്‍ മരംമുറിച്ച് മാറ്റാനൊരുങ്ങിയതെന്നും ആര്‍ സഞ്ജീവ് പറഞ്ഞു. മരംമുറിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് മേയര്‍ ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.