കൊട്ടിയൂര്‍ പീഡനം: കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊട്ടിയൂരില്‍ 16 കാരി വിദ്യാര്‍ഥി വൈദികന്റെ പീഡനത്തിനിരയായി പ്രസവിക്കാനിടയായ സംഭവത്തില്‍ വൈദികന് പറ്റിയത് ഗുരുതര തെറ്റാണെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുറ്റവാളികളെ ഒരു കാരണവശാലും സഭ സംരക്ഷിക്കില്ലെന്നും നിയമനടപടികളോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈദികന്‍ ചെയ്ത തെറ്റ് ഗൗരവമുള്ളതായി കാണുന്നു. സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തോടും പൊതുസമൂഹത്തോടും മാപ്പപേക്ഷിച്ച് മാനന്തവാടി ബിഷപ്പ് ജോസ് പൊരുന്നേടം രംഗത്തുവന്നിരുന്നു.

വൈദികനെ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് ഫെബ്രുവരി 28ന് ബിഷപ്പ് ഇടവകയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ശിശുക്ഷേമ സമിതി വരുത്തിയത് ഗുരുതരമായ വീഴ്ചയാണെന്നും വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാനായ ഫാ. തോമസ് തേരകത്തെയും അംഗമായ കന്യാസ്ത്രീയെയും പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സംഭവത്തില്‍ കുറ്റം സമ്മതിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു കന്യാസ്ത്രീകള്‍ അടക്കം കേസില്‍ എട്ടു പ്രതികളാണുളളത്. പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ക്രിസ്തുരാജ ഹോസ്പിറ്റലിലെയും വൈത്തിരിയിലെ അനാഥമന്ദിരത്തിലെയും ജീവനക്കാരാണ് പ്രതികള്‍.

ഡോക്ടര്‍മാരായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ഓര്‍ഫനേജിലെ സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗം തങ്കമ്മ, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍. ഇപ്പോള്‍ കണ്ണൂര്‍ ജയിലിലാണ് ഫാ. റോബിന്‍ ഉള്ളത്. തന്നെ വന്നു കണ്ടവരോടും കുറ്റസമ്മതം റോബിന്‍ നടത്തുന്നുണ്ട്. ഈ വിഷയത്തില്‍ തെറ്റു പറ്റിയെന്നും അത് ബിഷപ്പിനോട് ഏറ്റു പറഞ്ഞുവെന്നും ജയിലില്‍ കണ്ട ബന്ധുക്കളോട് അടക്കം റോബിന്‍ വിശദീകരിച്ചിട്ടുണ്ട്.