ഫാദര്‍ തോമസ് തേരകവും രണ്ട് കന്യാസ്ത്രീകളും പൊലീസിനു മുമ്പില്‍ കീഴടങ്ങി

കൊട്ടിയൂർ പീഡനക്കേസിൽ വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകവും രണ്ട് കന്യാസ്ത്രീകളും പൊലീസിനു മുമ്പില്‍ കീഴടങ്ങി. കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് മുന്‍ വയനാട് ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍മാനുമായ തോമസ് തേരകം, അനാഥാലയത്തിന്റെ സൂപ്രണ്ട് സിസ്റ്റര്‍ ഓഫീലിയ, സിഡബ്ലൂസി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരാണ് കീഴടങ്ങിയത്.

രാവിലെ 6.30 ഓടെയാണ് ഫാ. തോമസ് തേരകം പേരാവൂർ സിഐ ഓഫീസിലെത്തിയത്. 15 മിനിട്ടിനുശേഷം ബെറ്റിയുമെത്തി.ഏഴു മണിയോടെ വൈത്തിരി അനാഥാലയം ഡയറക്ടർ സിസ്റ്റർ ഒഫീലിയയും എത്തി കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ പേരാവൂർ സിഐ എൻ.സുനിൽ കുമാർ, എസ്ഐ കെ.എം.ജോൺ, എഎസ്ഐ. എം.ജെ. ബെന്നി എന്നിവരുടെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തൽ ആരംഭിച്ചു.

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച ചോരകുഞ്ഞിനെ നടപടികക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുക്കാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിക്ക് വീഴ്ചപറ്റിയതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാഥാലയത്തിന്റെ ചുമതലയുണ്ടായിരുന്ന കന്യാസ്ത്രീകളെയും, പ്രസവ സമയത്ത് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിയെയും ഇതേ തുടര്‍ന്ന് പൊലീസ് പ്രതിചേര്‍ക്കുകയായിരുന്നു.