കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്താന്‍ ധാരണ

കെപിസിസിയുടെ പുതിയ ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുന്നത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതിയിലാണ് ധാരണയായത്. അടുത്ത മാസം അഞ്ചിന് മുന്‍പ് കെപിസിസി പുന:സംഘടന പൂര്‍ത്തിയാക്കണമെന്നാണ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനിച്ചിരിക്കുന്നത്.  ഇതിനിടെ പ്രതിപക്ഷ നേതാവിനെതിരായി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യസമിതിയില്‍ ഷാനിമോള്‍ ഉസ്മാനും പി.സി.ചാക്കോയും ഉന്നയിച്ചു. എന്നാല്‍ താന്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏത് സ്ഥാനമേറ്റെടുക്കാനും ഉമ്മന്‍ചാണ്ടി അനുയോജ്യനാണെന്ന് മാത്രമാണ് പറഞ്ഞതെന്നും മുരളീധരന്‍ വിശദീകരിച്ചു. ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനാണെന്നായിരുന്നു നേരത്തെ കെ.മുരളീധരന്‍ പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം സമവായത്തിലൂടെയുള്ള തിരഞ്ഞെടുപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെയ്പ്പായി മാറരുതെന്നും, കഴിവും പരിചയവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും രാഷ്ട്രീയകാര്യസമിതിയില്‍ കെപിസിസി മുന്‍പ്രസിഡന്റ് വിഎം.സുധീരന്‍ വ്യക്തമാക്കി.ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നിയമനം നടത്തിയാല്‍ അത് പാര്‍ട്ടിയുടെ സര്‍വനാശത്തിലേക്കായിരിക്കും നയിക്കുകയെന്നും അദ്ദേഹം  പറഞ്ഞു.