കെ.എസ്.ആര്‍.ടി.സിയിലെ മിനിമം ചാര്‍ജ് 7 രൂപയായി ഉയര്‍ത്തും

കെ.എസ്.ആര്‍.ടി.സി ബസുകളിലെ മിനിമം ചാര്‍ജ് ഏഴുരൂപയായി  ഉയര്‍ത്തും. നിലവില്‍ ആറു രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്. ഇതാണ് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് മിനിമം ചാര്‍ജ് ആറു രൂപയിലേക്ക് മാറ്റിയത്.

നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദത്തത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ ഗതാഗതവകുപ്പ് തത്ത്വത്തില്‍ ധാരണയിലത്തെിയിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് വിവരം.

മിനിമം ചാര്‍ജിലെ കുറവുമൂലം 7.5 കോടി രൂപയാണ് പ്രതിമാസനഷ്ടമെന്നാണ് കണക്കുകള്‍. ഡീസലിന്റെ വില കുറഞ്ഞതാണ് അന്ന് നിരക്ക് കുറച്ചത്. സ്വകാര്യബസുകള്‍ ചാര്‍ജ് കുറച്ചിട്ടുമില്ല. മിനിമം ചാര്‍ജ് കുറക്കുന്ന സമയത്ത് ഡീസല്‍ വില ലിറ്ററിന് 47.50 രൂപയായിരുന്നു. ഇതിനുശേഷം 10 തവണയാണ്  വിലയില്‍ മാറ്റം വന്നത്. നിലവില്‍ ലിറ്ററിന് 55.14 രൂപയാണ് വില. ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ദ്ധനവ് അനിവാര്യമാണെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വാദം.

ബസ് ചാര്‍ജ് കുറച്ച ശേഷം യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുതന്നെ മൂന്നുതവണ ഡീസല്‍ വില വര്‍ധനയുണ്ടായിരുന്നു. പെന്‍ഷന്‍ വിതരണത്തിന് തുക കണ്ടത്തെുന്നതിനുള്ള ഉപാധിയായി 15 രൂപക്ക് മുകളിലെ ടിക്കറ്റുകളില്‍ ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയിരുന്നു. മിനിമം ചാര്‍ജ് കുറച്ചതുമൂലം നേരത്തേ ലഭിച്ചിരുന്നത്ര പെന്‍ഷന്‍ വിഹിതം സെസ് ഇനത്തില്‍ കിട്ടാതെയായി എന്നും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് പരാതിയുണ്ട്.

കഴിഞ്ഞ സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കുന്ന ഉപസമിതിയും നിരക്ക് കുറച്ച തീരുമാനം മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടത്തെിയിരുന്നു. ബസ് നിരക്കുകള്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നത് പഠനത്തിനുശേഷമാണ്. ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ആറുരൂപയായി കുറച്ചത് സാധ്യതകള്‍ ആരായാതെയും മാനദണ്ഡങ്ങള്‍ ലംഘിച്ചുമാണെന്ന് ഉപസമിതി വിലയിരുത്തിയിരുന്നു. പെട്ടെന്നുള്ള തീരുമാനം കെ.എസ്.ആര്‍.ടി.സിക്ക് വലിയ ബാധ്യതയും വരുത്തിയെന്നാണ് ആക്ഷേപം.