തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ചൊവ്വാഴ്ച്ച അര്‍ധരാത്രി വരെ കെഎസ്ആര്‍ടിസി പണിമുടക്ക്. കെഎസ്ആര്‍ടിസിയില്‍ സിഎംഡി ടോമിന്‍ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിക്കാന്‍ കാരണം.സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ശമ്പളപരിഷ്‌കരണ ചര്‍ച്ച സമയബന്ധിതമായി പൂര്‍ത്തിയാക്കുക, ഷെഡ്യൂള്‍ പരിഷ്‌കാരം ഉപേക്ഷിക്കുക, നിയമവിരുദ്ധ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

തച്ചങ്കരി നടപ്പാക്കുന്നത് എല്‍ ഡി എഫ്. സര്‍ക്കാരിന്റെ നയങ്ങളാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പണിമുടക്ക് പ്രഖ്യാപിക്കാന്‍ ട്രേഡ് യൂണിയനെ പ്രേരിപ്പിച്ചത്.

കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു), കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), കെ.എസ്.ടി.ഡബ്ല്യു.യു (ഐ.എന്‍.ടി.യു.സി), കെ.എസ്.ടി.ഡി.യു (ഐ.എന്‍.ടി.യു.സി) എന്നീ സംഘടനകളാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയിലുള്ളത്.