കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാന്‍ ഇനി മുതല്‍ മൂന്നു മേഖല

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ ഉത്തരവ്. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലയാക്കി തിരിച്ച് ആണ് ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ബുധനാഴ്ച തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. എറണാകുളം, കോഴിക്കോട് മേഖലകളുടെ പ്രഖ്യാപനവും ബുധനാഴ്ച നടക്കും.

കെഎസ്ആര്‍ടിസിയുടെ സാമ്പത്തികപ്രതിസന്ധി പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് കെഎസ്ആര്‍ടിസിയെ മൂന്ന് ലാഭകേന്ദ്രമാക്കി വികസിപ്പിക്കുന്നത്. ജില്ലകളെ വേര്‍തിരിച്ച് ദക്ഷിണമേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്നു മേഖലകളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ദക്ഷിണ മേഖലയിലും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ മധ്യമേഖലയിലും മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഉത്തരമേഖലയിലുമായിരിക്കും.