കുല്‍ഭൂഷണിന്റെ കുടുംബത്തോട് ചെയ്തത് പാഞ്ചാലി വസ്ത്രാക്ഷേപത്തിന് തുല്യം, പാകിസ്ഥാനോട് യുദ്ധം ചെയ്യണം; സുബ്രമണ്യം സ്വാമി

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യണമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാക്കിസ്ഥാന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിനു സമാനമാണെന്നും അതിനാല്‍ യുദ്ധം ചെയ്ത് അവരെ നാലു കഷ്ണങ്ങളാക്കണമെന്നും സ്വാമി പറഞ്ഞു. മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ കുല്‍ഭൂഷണ്‍ വിഷയത്തില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാന്‍ അനുവദിച്ചില്ല. കൂടിക്കാഴ്ചയ്ക്കുശേഷം ചേതനയ്ക്കു ചെരുപ്പുകള്‍ തിരികെ ലഭിച്ചതുമില്ല. കനത്ത സുരക്ഷയില്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ ചില്ലുമറയ്ക്ക് ഇരുപുറവുമിരുന്ന് ഇന്റര്‍കോമിലൂടെയാണു കുല്‍ഭൂഷണും കുടുംബാംഗങ്ങളും പരസ്പരം സംസാരിച്ചത്. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. ധാരണയ്ക്കു വിരുദ്ധമായി, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി. സിങ്ങിനെ കൂടിക്കാഴ്ച നടന്ന മുറിയില്‍ അനുവദിച്ചില്ല.

യുദ്ധത്തിനുള്ള നടപടികള്‍ ഗൗരവമായി ഇപ്പോള്‍ത്തന്നെ തുടങ്ങണം. കുല്‍ഭൂഷന്റെ അമ്മയോടും ഭാര്യയോടും പാകിസ്താന്‍ കാണിച്ച സമീപനം ദ്രൗപദിയുടെ വസ്ത്രാക്ഷേപത്തിന് സമാനമാണ്. അതു വഴിതെളിയിച്ചതു യുദ്ധത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇന്ത്യ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടത് ഇതിനുള്ള മറുപടിയാണോ എന്ന ചോദ്യത്തിന് അതു നല്ലതാണെന്നും എന്നാല്‍ സ്ഥിരമായ ഒരു പരിഹാരം അത്യാവശ്യമാണെന്നും പാകിസ്താന്‍ ചിതറിപ്പിക്കേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാകിസ്താനില്‍നിന്നുള്ളവര്‍ക്കു മെഡിക്കല്‍ വീസകള്‍ നല്‍കുന്നത് വിദേശകാര്യമന്ത്രാലയം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Close
Close