കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലര്‍ സഹായം നല്‍കില്ലെന്ന് പാകിസ്താന്‍; രാജ്യാന്തരകോടതി വിധി പാക് നടപടികളെ ബാധിക്കില്ല

രാജ്യാന്തര കോടതിയുടെ ഇടപെടൽ പാക്കിസ്ഥാനിലെ നിയമനടപടികളെ തടസ്സപ്പെടുത്തില്ലെന്നും ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ ജാദവിന് കോൺസുലർ സഹായം നൽകില്ലെന്നും പാകിസ്താന്‍. ശിക്ഷ റദ്ദ് ചെയ്ത ഹേഗിലെ രാജ്യാന്തര കോടതി അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞു. കേസിൽ പാകിസ്താന്‍ തോറ്റിട്ടില്ലെന്നും സർതാജ് അസീസ് വ്യക്തമാക്കി.

കേസിൽ അന്തിമ തീരുമാനം വരുംവരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ചെയ്യാൻ രാജ്യാന്തര കോടതി പ്രസിഡന്റ് റോണി ഏബ്രഹാം പാകിസ്താനോടു നിർദേശിച്ചിരുന്നു. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ അധികൃതർക്കു പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതു വിയന്ന ധാരണകളുടെ ലംഘനമാണെന്ന ഇന്ത്യൻ വാദം കോടതി അംഗീകരിച്ചിരുന്നു.രാജ്യാന്തര കോടതിയുടെ അന്തിമവിധി വരുംവരെ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നിർത്തിവയ്ക്കാൻ മാത്രമാണ് ഉത്തരവിലുള്ളത്. ജാദവ് ഇന്ത്യയുടെ ചാരനാണ്. ഇക്കാര്യം ജാദവ് തന്നെ സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരൻ മാത്രമല്ല, അദ്ദേഹം നാവികസേനാ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. കേസിൽ രാജ്യാന്തര കോടതിയിൽ ഹാജരാകാൻ പാക്ക് നിയമസംഘത്തിന് അഞ്ച് ദിവസം മാത്രമാണ് സമയം ലഭിച്ചതെന്നും സർതാജ് അസീസ് വ്യക്തമാക്കി.