കൂല്‍ഭൂഷണ്‍ ജാദവ് കേസിലെ വിധി ഇന്ന്

ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കൂല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. പാക് കോടതി 2017 ഏപ്രില്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്നു വിധി വരുന്നത്. ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്കാകും വിധി പറയുക.

2016 മാര്‍ച്ച് മൂന്നിനാണ് മുന്‍ നാവികസേന ഉദ്യോഗസ്ഥനായ കൂല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ അറിയിക്കുന്നത്. എന്നാല്‍ ജാദവിനെ ഇറാനില്‍ നിന്നും തട്ടിക്കൊണ്ട് പോയതാണെന്നു ഇന്ത്യ പ്രതികരിച്ചു. വധശിക്ഷ വിധിയ്ക്ക് എതിരെ ഇന്ത്യ മെയ് മാസത്തില്‍ വിയന്ന കരാറിന്റെ ലംഘനമാണെന്ന വാദവുമായി അന്താരാഷ്ട്രകോടതിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാന്‍ ജാദവിനെ ഭീക്ഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചതെന്നും അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ വാദിച്ചു. കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര തല സഹായം നിഷേധിച്ചതും വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ വാദിച്ചു.

2017 മെയ് 18ന് ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസില്‍ അന്താരാഷ്ട്ര കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന പാകിസ്ഥാന്റെ വാദവും കോടതി തള്ളിയിരുന്നു. ജഡ്ജി റോണി എബ്രഹാമിന്റെ അധ്യക്ഷതയിലുളള 11 അംഗ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്.രണ്ട് വര്‍ഷത്തോളമുളള നീണ്ട പോരാട്ടത്തിന് ശേഷമാണ് 15 അംഗ ബെഞ്ച് കേസിന് ഇന്നു വിധി പറയുന്നത്.

Show More

Related Articles

Close
Close