ഇടതു സര്‍ക്കാറിന്റേത് യാഥാര്‍ഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റെന്ന് കുമ്മനം

ഇടതു സര്‍ക്കാറിന്റേത് യാഥാര്‍ഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബജറ്റ് ചോര്‍ന്നത് വിശ്വാസ്യതയും പവിത്രതയും തകര്‍ത്തു. കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചത്. ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യ മന്ത്രി രാജിവെയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

ബജറ്റിന് കൂടുതല്‍ വിശ്വാസ്യത ആവശ്യമാണ്. അതുകൊണ്ടു തന്നെയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിച്ചുറപ്പിച്ച ദിവസം തന്നെ ബജറ്റ് അവതരണം നടത്തിയത്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് നടന്നത് ഏറെ കുറ്റകരമായ അനാസ്ഥയാണ്. ബജറ്റ് അവതരണത്തിനു ശേഷം വിളിക്കുന്ന പത്രസമ്മേളനത്തില്‍ ബജറ്റിന്റെ പകര്‍പ്പ് വിതരണം ചെയ്യുന്നതിനു പകരം അത് നേരത്തെ തന്നെ ചോര്‍ന്നു. ഇത് ബജറ്റിന്റെ വിശ്വാസ്യതയിലുണ്ടായ തികഞ്ഞ പരാജയമാണ്. ധനമന്ത്രി ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.

നികുതി പിരിച്ചെടുക്കാന്‍ എന്ത് നടപടി സര്‍ക്കാര്‍ സ്വീകരിക്കും എന്നത് സംബന്ധിച്ച് ഒന്നും ബജറ്റില്‍ ഇല്ല. കിഫ്ബി മാത്രമാണോ ബജറ്റ്. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാറിനെ പരാമര്‍ശിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് പിന്‍വലിക്കലല്ല, വരുമാനത്തിന്റെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.