ധനമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കുമ്മനം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസകിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

ബജറ്റിലെ ചില വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ക്കു നല്‍കാനായി തയ്യാറാക്കിയ കുറിപ്പാണ് ചോര്‍ന്നതെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കു നല്‍കാനുള്ള കുറിപ്പില്‍ ഉള്‍പ്പെടാത്ത ബജറ്റ് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ പത്രത്തില്‍ അച്ചടിച്ചു വന്നു ഹര്‍ജിയില്‍ പറയുന്നു. മാര്‍ച്ച് മൂന്നിനാണ് ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍ അന്നേ ദിവസം രാവിലെ പുറത്തിറങ്ങിയ ഒരു പത്രത്തില്‍ ബജറ്റ് നിര്‍ദേശങ്ങള്‍ അച്ചടിച്ചു വന്നു.

നികുതി നിര്‍ദേശങ്ങളടങ്ങിയ ബജറ്റ് അസംബ്ലിയില്‍ അവതരിപ്പിക്കും മുമ്പ് പുറത്തു വരുന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ്. മാത്രമല്ല, സത്യപ്രതിജ്ഞാ ലംഘനവുമാണ്. ഇക്കാരണത്താല്‍ തോമസ് ഐസക്കിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിന്റെ പേരില്‍ ധനമന്ത്രി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലൊരാളെ മാറ്റി.

ബജറ്റ് ചോര്‍ന്നെന്ന് ഇതിലൂടെ മന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് നിയമസഭാംഗങ്ങളില്‍ പലരും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതികള്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

കുമ്മനത്തിന്റെ ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി, തോമസ് ഐസക്, ബദല്‍ ബജറ്റ് അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി എന്നിവര്‍ക്കെതിരെയാണ് ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്.