ലേബര്‍ കോണ്‍ഫറന്‍സ് തീരുമാനം ബോണസ് പരിധി തീരുമാനമായില്ല.

ലേബര്‍ കോണ്‍ഫറന്‍സ് തീരുമാനം ബോണസ് പരിധി തീരുമാനമായില്ല.തൊഴില്‍ പരിഷ്‌കരണങ്ങള്‍ ത്രികക്ഷി സംവിധാനത്തിലൂടെ മാത്രം.
labour in India

തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്ന ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരം നേടിയശേഷമേ തൊഴില്‍ പരിഷ്‌കരണങ്ങളും നിയമഭേദഗതികളും കൊണ്ടുവരാന്‍ പാടുള്ളൂവെന്ന് ലേബര്‍ കോണ്‍ഫറന്‍സ്. ഡല്‍ഹിയില്‍ നടന്ന 46-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനം.

സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള വ്യവസായബന്ധ കോഡ് ബില്‍, വേജ് കോഡ് ബില്‍, സ്മാള്‍ ഫാക്ടറീസ് ആക്ട്, ഫാക്ടറീസ് ആക്ട്്, ബാലവേല ബില്‍ തുടങ്ങിയവയെല്ലാം ഇനി ത്രികക്ഷി സംവിധാനത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ നിര്‍ദേശങ്ങളും വകുപ്പു തിരിച്ചു ചര്‍ച്ച ചെയ്ത് പൊതുയോജിപ്പിലെത്തണം. ഇതിന് ശേഷമേ, ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ സാധിക്കൂ. ബോണസിന്റെ പരിധി ഉയര്‍ത്തുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ രൂപവത്കരിച്ച ഉപസമിതി തീരുമാനമെടുക്കാതെ പരിഞ്ഞു. ബോണസിന് യോഗ്യമായ ശമ്പളപരിധി, ബോണസ് കണക്കാക്കുന്നതിനുള്ള ശമ്പളപരിധി, ബോണസിന്റെ കവറേജ് പരിധി എന്നിങ്ങനെ മൂന്നു കാര്യങ്ങളിലാണ് ചര്‍ച്ച നടന്നത്. നിലവിലുള്ള പരിധിതന്നെ തുടരണമെന്ന് തൊഴിലുടമകളുടെ പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഹരിയാണയിലെ തൊഴില്‍മന്ത്രി ക്യാപ്റ്റന്‍ അഭിമന്യു ആയിരുന്നു ഈ സമിതിയുടെ അധ്യക്ഷന്‍. കഴിഞ്ഞ മൂന്നു ലേബര്‍ കോണ്‍ഫറന്‍സുകള്‍ എടുത്ത 10 തീരുമാനങ്ങള്‍ അതുമായി ബന്ധപ്പെട്ട ഉപസമിതി ചര്‍ച്ച ചെയ്തു. കരാര്‍ തൊഴിലാളികള്‍, മിനിമം വേതനം, അങ്കണവാടി പോലുള്ള ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട മുന്‍ തീരുമാനങ്ങള്‍ എത്രയുംവേഗം നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

അസംഘടിതമേഖലയ്ക്കും സാമൂഹിക സുരക്ഷാ പദ്ധതികള്‍ നടപ്പാക്കണമെന്ന് ഇതുമായി ബന്ധപ്പെട്ട ഉപസമിതിയുടെ തീരുമാനവും പ്ലീനറി അംഗീകരിച്ചു. ഐ.എന്‍.ടി.യു.സി.നേതാവ് ആര്‍. ചന്ദ്രശേഖരനായിരുന്നു ഈ സമിതിയുടെ ഉപാധ്യക്ഷന്‍.തൊഴില്‍നിയമ ഭേദഗതികള്‍ക്കുവേണ്ടി രൂപവത്കരിച്ച ഉപസമിതി യോഗത്തിന്റെ തീരുമാനം ലേബര്‍ കോണ്‍ഫറന്‍സിന്റെ പ്ലീനറിയില്‍ പാസാക്കുകയായിരുന്നു. ബി.എം.എസ്. നേതാവ്് അഡ്വ. സജി നാരായണനാണ് ഉപസമിതിയുടെ അധ്യക്ഷന്‍. സമിതിയില്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ തൊഴില്‍ പരിഷ്‌കരണത്തിനുവേണ്ടി ശക്തമായി വാദിച്ചു. വ്യവസായ പുരോഗതിക്ക് തൊഴില്‍പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. അതിനാല്‍, തൊഴില്‍നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാറിന് സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അവരുടെ നിലപാട്. ചില സംസ്ഥാനങ്ങളും അതിനോട് യോജിച്ചു.