പരോള്‍ കാലാവധി നീട്ടണമെന്ന ലാലുവിന്റെ ആവശ്യം തള്ളി; തിരികെ ജയിലിലേക്ക് മടങ്ങാന്‍ കോടതി നിര്‍ദ്ദേശം

പരോള്‍ കാലാവധി നീട്ടണമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആവശ്യം കോടതി തള്ളി. ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ലാലുവിന്റെ ആവശ്യം നിരാകരിച്ചത്. തിരികെ ജയിലിലേക്ക് ഈ മാസം 30 ന് മടങ്ങാനും കോടതി നിര്‍ദ്ദേശിച്ചു. പരോള്‍ കാലാവധി ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കായി നീട്ടണമെന്നായിരുന്നു ലാലു കോടതിയോട് അഭ്യര്‍ത്ഥിച്ചത്. പക്ഷേ ആവശ്യമായ ചികിത്സ ഉറപ്പു വരുത്താന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുക മാത്രമാണ് കോടതി ചെയ്തത്.

ലാലു പ്രസാദ് യാദവിനെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ നടത്തിയ കാലിത്തീറ്റ കുംഭകോണ കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നിലവില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. തനിക്ക് കിഡ്നി സ്റ്റോണ്‍, പ്രോസ്ട്രേറ്റ് വീക്കം തുടങ്ങിയ രോഗങ്ങളുള്ളതിനാല്‍ പരോള്‍ കാലാവധി ചികിത്സയ്ക്ക് വേണ്ടി നീട്ടണമെന്ന് ലാലു പ്രസാദ് യാദവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.