കൂട്ടത്തില്‍ നിന്ന് ചതിച്ചവരെ മറ്റാരും വിശ്വസിക്കില്ല; നിതീഷ് കുമാറിനെ പരിഹസിച്ച് ലാലുപ്രസാദ് യാദവ്

കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ജനതാദള്‍ യു പരിഗണിക്കപ്പെടാതെപോയ സാഹചര്യത്തില്‍ നിതീഷ് കുമാറിനെതിരായി കടുത്ത പരിഹാസവുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. സ്വന്തം കൂട്ടത്തില്‍നിന്ന് തെറ്റിപ്പിരിഞ്ഞുപോയവരെ മറ്റാരും വിശ്വസിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. “സ്വന്തം ജനത്തെ തള്ളിപ്പറഞ്ഞവരെ മറ്റാരും കൂട്ടത്തില്‍ കൂട്ടില്ല. പുതിയ കുര്‍ത്തയും പൈജാമയും കോട്ടും ധരിച്ച് ചില ജെഡിയു നേതാക്കളൊക്കെ മന്ത്രി സ്ഥാനം മോഹിച്ച് ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ ഒരാളെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിച്ചതേയില്ല. മാത്രമല്ല, പുനസ്സംഘടയുടെ ഭാഗമായി ജെഡിയുവുമായി ചര്‍ച്ചകള്‍ പോലും നടത്തിയിട്ടില്ലെന്നും , ജെഡിയുവിന് കാര്യമായ സ്ഥാനമൊന്നുമില്ലന്നെും”  ലാലുപ്രസാദ് പറഞ്ഞു.

ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങുന്ന ബിഹാറിലെ മഹാസഖ്യത്തില്‍നിന്ന് നിതീഷ് കുമാറിന്റെ ജെഡിയു തെറ്റിപ്പിരിഞ്ഞ് ബിജെപിയോടൊപ്പം ചേര്‍ന്നിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടനയില്‍ ജെഡിയുവിന് മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ലാലുപ്രസാദ് നിതീഷ് കുമാറിനെ പരിഹസിച്ച് രംഗത്തെത്തിയത്.