മലബാറില്‍ എലിപ്പനി പടരുന്നു; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

മഹാപ്രളയത്തിന് പിന്നാലെ മലബാര്‍ ജില്ലകളില്‍ എലിപ്പനി പടരുന്നു.തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നി ജില്ലകളിലാണ് രോഗം പടരുന്നത്. പ്രളയവുമായി നേരിട്ട് ബന്ധമില്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ലെപ്‌റ്റോസ്‌പൈറസ് എന്ന ബാക്ടീയയാണ് എലിപ്പനിക്ക് കാരണം. എലിയിലൂടെയാണ് രോഗാണു പകരുന്നത്. പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛര്‍ദി എന്നിവയാണ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരാവസ്ഥയിലെത്തിയാല്‍ കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. മരണവും സംഭവിക്കും. അതുകൊണ്ട് തന്നെ പനി വന്നാല്‍ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കന്നുകാലികള്‍, പൂച്ച, പട്ടി എന്നിവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രത്തിലൂടെ നേരിട്ടോ അത് കലര്‍ന്ന മണ്ണ്, വെള്ളം എന്നിവയിലൂടെയോ രോഗം വരാം. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ, എന്നിവയിലൂടെയാണ് രോഗാണു മനുഷ്യ ശരീരത്തില്‍ എത്തുന്നത്.

എലിപ്പനി പിടിപെട്ടാല്‍ മഞ്ഞപ്പിത്തം, ന്യുമോണിയ, വൃക്കരോഗങ്ങള്‍, എന്നിവ ഉണ്ടാകാം. കണ്ണില്‍ രക്തസ്രാവമുണ്ടാകുന്നതാണ് കണ്ണ് ചുവന്നിരിക്കാന്‍ കാരണം. രോഗത്തിന്റെ രണ്ടാം ഘട്ടത്തിലാണ് തലച്ചോറിനേയും നാഡീഞരമ്പുകളേയും ബാധിക്കുന്നത്. പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആന്റിബയോട്ടിക്കുകളാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്.

എലിപ്പനി പകരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അത്തരം ജോലി ചെയ്യുന്നതിന് മുമ്പ് മുന്‍കരുതല്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. ഇത്തരം ജോലി ചെയ്യുന്നതിന് തലേ ദിവസം മുതല്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സി സൈക്ലില്‍ ഗുളികകള്‍ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിക്കുന്നു.

കൂടാതെ കയ്യുറയും കാലുറയും ധരിക്കണം. ശരീരത്തില്‍ മുറിവുകളുള്ളവര്‍ രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കണം. ഭക്ഷണത്തിലൂടെ എലിപ്പനി വരാനുള്ള സാധ്യതയുണ്ട്. ആഹാരവും വെള്ളവും എലിമൂത്രം കലരാതിരിക്കാന്‍ മൂടിവെക്കണം. ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായി സംസ്‌കരിക്കണമെന്നു ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.