ആ ജേഴ്‌സി ഇല്ലാതെ ചെന്നാല്‍ അച്ഛന്‍ എന്നെ കൊല്ലും; മനസ്സുതുറന്ന് താരം

ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും മെസിയുടെ ജേഴ്‌സിക്ക് ആവശ്യക്കാരുണ്ടാവും. ചിലപ്പോളത് എതിര്‍താരങ്ങളായിരിക്കും, ചിലപ്പോള്‍ മത്സരം നിയന്ത്രിച്ചിരുന്ന റഫറി തന്നെയാവും. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനു ശേഷം മെസിയുടെ ജേഴ്‌സി ആവശ്യപ്പെട്ടത് അര്‍ജന്റീനിയന്‍ സഹതാരമായ എറിക് ലമേലയാണ്. അതിനു പിന്നിലെ രസകരമായ കാര്യം വെളിപ്പെടുത്തുകയാണ് ടോട്ടനം മുന്നേറ്റനിര താരം. തനിക്കു വേണ്ടിയല്ല, തന്റെ അച്ഛനു വേണ്ടിയാണ് മെസിയുടെ ജേഴ്‌സി ചോദിച്ചു വാങ്ങിയതെന്നാണ് ലമേല പറയുന്നത്. മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ഇക്കാര്യം ലമേല വെളിപ്പെടുത്തിയത്.

ബാഴ്‌സയുമായി മത്സരം കളിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അച്ഛന്‍ ജേഴ്‌സി കൊണ്ടു വരണമെന്നു ആവശ്യപ്പെട്ടിരുന്നുവെന്ന് താരം പറഞ്ഞു. ഇത്രയും മികച്ച പ്രകടനം മെസി നടത്തിയ ഒരു മത്സരത്തിനു ശേഷം ഞാന്‍ ജേഴ്‌സിയുമായല്ലാതെ അങ്ങോട്ടു ചെന്നാല്‍ അച്ഛന്‍ തന്നെ ചിലപ്പോള്‍ കൊന്നേനെയെന്നും താരം തമാശ രൂപത്തില്‍ പറഞ്ഞു. മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ മെസിയെയും താരം അഭിനന്ദിച്ചു.ലോകത്തിലെ ഏറ്റവും മികച്ച താരം കൂടെയുള്ളതാണ് ബാഴ്‌സക്കു തുണയായതെന്നാണ് മത്സരശേഷം ലമേല പറഞ്ഞു.

ടോട്ടനം ഹോസ്പറിനെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിയതിനു പുറമേ രണ്ടു ഗോളുകള്‍ക്ക് പിന്നിലെ നിര്‍ണായക ശക്തിയും മെസിയായിരുന്നു. മത്സരത്തില്‍ നാലോളം ഗോളവസരങ്ങള്‍ വേറെയും താരം ഒരുക്കിയിരുന്നു. രണ്ടാം പകുതിയിലാണ് വിജയമുറപ്പിച്ച് ബാഴ്‌സയുടെ രണ്ടു ഗോളുകള്‍ മെസി നേടിയത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബാഴ്‌സ വിജയിച്ച മത്സരത്തില്‍ ടോട്ടനത്തിന്റെ ഒരു ഗോള്‍ എറിക് ലമേലയും ഒരു ഗോള്‍ കേനുമാണ് നേടിയത്.

Show More

Related Articles

Close
Close