നിയമം കാറ്റില്‍ പറത്തി കടലില്‍ ചെറുമത്സ്യങ്ങളുടെ കൂട്ടക്കുരുതി തുടരുന്നു; 42 ലക്ഷം രൂപ പിഴ ഈടാക്കിയിട്ടും മത്സ്യങ്ങള്‍ക്ക് രക്ഷയില്ല

ചെറുമത്സ്യങ്ങളെ പിടിക്കരുതെന്ന നിയമം കാറ്റില്‍ പറത്തി തീരക്കടലില്‍ മത്സ്യക്കുരുതി തുടരുന്നു. അനിയന്ത്രിതമായ മല്‍സ്യബന്ധനം മൂലം ചെറുമത്സ്യങ്ങളുടെ നിലനില്‍പിന് തന്നെ ഭീഷണിയായ സാഹചര്യത്തിലായിരുന്നു ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് കേരള മറൈന്‍ ഫിഷിങ് റഗുലേഷന്‍ ആക്ട് പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിപ്പം കുറഞ്ഞ മത്തി, അയല, ചൂര, കിളിമീന്‍, കേര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 58 ഇനം മത്സ്യങ്ങള്‍ പിടിക്കുന്നതിനാണ് നിയന്ത്രണം.

എന്നാല്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നതിന് യാതൊരു നിയന്ത്രണവും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുമത്സ്യങ്ങളെ കുരുതി ചെയ്തതിന് പിഴയായി ഫിഷറീസ് വകുപ്പ് കഴിഞ്ഞ മാസം വരെ മാത്രം ഈടാക്കിയതു 42.4 ലക്ഷം രൂപയാണ്. 2017ല്‍ ഈയിനത്തില്‍ ലഭിച്ചത് 23.23 ലക്ഷം രൂപയുമാണ്. വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സമീപകാലത്തു പിടിച്ചെടുത്ത ചെറുമത്സ്യങ്ങളില്‍ ഏറെയും മത്സ്യത്തീറ്റ, വളം എന്നിവയുടെ നിര്‍മ്മാണത്തിനായി അയല്‍ സംസ്ഥാനങ്ങളിലേക്കു കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

നിലവില്‍ 500 കുതിരശക്തി വരെയുള്ള ഇന്‍ബോര്‍ഡ് എന്‍ജിനുകള്‍ ഘടിപ്പിച്ച കൂറ്റന്‍ വള്ളങ്ങള്‍,യാനങ്ങള്‍ എന്നിവ ഉപരിതല മത്സ്യബന്ധനത്തിലൂടെ ചെറുമീനുകളെ കൂട്ടത്തോടെ വലയിലാക്കുകയാണ്. മത്സ്യബന്ധനത്തിനിടയില്‍ 50ശതമാനം വരെ ചെറുമത്സ്യങ്ങള്‍ വലയിലകപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ സമചതുരക്കണ്ണി വലകള്‍ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങളെല്ലാം അവഗണിച്ച് ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ വള്ളങ്ങളിലാക്കുകയാണ്.

Show More

Related Articles

Close
Close