പ്രീമിയര്‍ ലീഗ്; ലിവര്‍പൂളിനും ചെല്‍സിക്കും ടോട്ടനത്തിനും തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കും ടോട്ടനത്തിനും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സ്വാന്‍സി സിറ്റിയെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്്. ആറാം മിനിറ്റില്‍ ഫിലിപ്പ് കുട്ടിന്യോ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി. റൊബാര്‍ട്ടോ ഫിര്‍മിനോ,ട്രന്റ് അലക്‌സാണ്ടര്‍,അലക്‌സ് ഒക്‌സലേഡ് എന്നിവര്‍ ലിവര്‍പൂളിനായി വല ചലിപ്പിച്ചു.  രണ്ടാം  പകുതിയിലാണ് ലിവര്‍ഹൂളിന്റെ് നാല് ഗോളുകള്‍ പിറന്നത്. ഫിര്‍മിനോ ഇരട്ട ഗോള്‍ നേടി. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ നാലാംസ്ഥാനത്താണ്.

എതിരില്ലാത്ത രണ്ട് ഗോളിന് ബ്രൈറ്റണ്‍ ഹോവിനെ ചെല്‍സി തോല്‍പിച്ചു. അല്‍വാരോ മൊറാട്ട, മാര്‍കസ് അലോന്‍സോ എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലായിരുന്നു നിലവിലെ ചാമ്പ്യന്‍മാരുടെ രണ്ട് ഗോളും പിറന്നത്. ടോട്ടനം രണ്ടിനെതിരെ അഞ്ച് ഗോളിനാണ് സതാംപ്ടണെ തോല്‍പിച്ചത്. ഹാട്രിക് നേടിയ ഹാരി കെയിന്റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്റെ ജയം. ഹാട്രിക്കോടെ സീസണില്‍ ഹാരി കെയ്‌ന് പതിനെട്ട് ഗോളായി. ഡെലി അലിയും ഹ്യൂംഗ് മിന്‍ സോനുമാണ് ടോട്ടനത്തിന്റെ മറ്റ് ഗോളുകള്‍ നേടിയത്.

എന്നാല്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ബേണ്‍ലിയോട് സമനില വഴങ്ങേണ്ടതായി വന്നു.തലനാരിഴയ്ക്കാണ് യുണൈറ്റഡ് തോല്‍വിയില്‍ നിന്ന് കരകയറിയത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കേ ജെസ്സി ലിംഗാര്‍ഡ് നേടിയ ഗോളാണ് യുണൈറ്റഡിനെ സമനിലയിലെത്തിച്ചത്്. ആദ്യ പകുതിയില്‍ ആഷ്‌ലി ബാണ്‍സ്, സ്റ്റീവന്‍ ഡെഫോര്‍ എന്നിവരുടെ ഗോളിന് ബേണ്‍ലി മുന്നിലെത്തിയിരുന്നു.