ഹോണ്ടയില്‍ നിന്നും പുതിയൊരു കരുത്തനായ ബൈക്ക് ‘ലിവൊ’.

honda-livo 1
ജനഹൃദയങ്ങള്‍ കെയ്യടക്കിയ ഹോണ്ടയില്‍ നിന്നും പുതിയൊരു കരുത്തനായ ബൈക്ക് ‘ലിവൊ’.ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യിൽ നിന്നുള്ള പുതിയ 110 സി സി ശ്രേണിയിലെ മോട്ടോർ സൈക്കിളായ ‘ലിവൊ’ വിൽപ്പനയ്ക്കെത്തി. കമ്യൂട്ടർ വിഭാഗത്തിൽ ഇടംപിടിക്കുന്ന ബൈക്കിന് 52,989 രൂപയാണു ഡൽഹി ഷോറൂമിൽ വില.‘ലിവൊ’യുടെ വരവോടെ ഈ വിഭാഗത്തിൽ ആദ്യം അവതരിപ്പിച്ച ‘സി ബി ട്വിസ്റ്റർ’ വിട പറയുകയാണെന്നും എച്ച് എം എസ് ഐ പ്രഖ്യാപിച്ചു.‘സി ബി ട്വിസ്റ്ററി’ന്റെ നിർമാണവും കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്.
കമ്യൂട്ടർ എന്നു വിശേഷിപ്പിക്കപ്പെടുന്ന 100 — 110 സി സി ശ്രേണിയിൽ എച്ച് എം എസ് ഐ അവതരിപ്പിക്കുന്ന നാലാമത്തെ മോഡലായ ‘ലിവൊ’യ്ക്കു കരുത്തേകുന്നത് ‘ട്വിസ്റ്ററി’ലുണ്ടായിരുന്ന 109.19 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫോർ സ്ട്രോക്ക് എൻജിൻ തന്നെ. 8,000 ആർ പി എമ്മിൽ പരമാവധി ഒൻപതു ബി എച്ച് പി കരുത്തും 6,000 ആർ പി എമ്മിൽ 8.83 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ലീറ്ററിന് 74 കിലോമീറ്ററാണു ബൈക്കിന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.
ഈ ബൈക്കിന്‍റെ മറ്റൊരു സവിശേഷത ഇന്ത്യയ്ക്കായി കമ്പനി പ്രത്യേക രൂപകൽപ്പന ചെയ്ത ആവേശം സൃഷ്ടിക്കുന്ന മോട്ടോർ സൈക്കിൾ ശ്രേണിയുടെ കൊടിയേറ്റമാണു ‘ലിവൊ’യെന്ന് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കീത്ത മുരമാറ്റ്സു അഭിപ്രായപ്പെട്ടു. ഇക്കൊല്ലം ഇന്ത്യയിൽ 15 പുതിയ മോഡലുകൾ എന്ന പ്രഖ്യാപനം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുചക്രവാഹന വിപണിയുടെ എല്ലാ മേഖലയിലും ഹോണ്ടയിൽ നിന്നുള്ള പുതുമുഖങ്ങളെ പ്രതീക്ഷിക്കാമെന്നും മുരമാറ്റ്സു വിശദീകരിച്ചു.
ഇക്കൊല്ലം എച്ച് എം എസ് ഐ പുറത്തിറക്കുന്ന ഒൻപതാമത്തെ മോഡലാണ് ‘ലിവൊ’.അടുത്ത നാലിന് ഹോണ്ടയിൽ നിന്നുള്ള പുതിയ 125 സി സി ബൈക്ക് പുറത്തെത്തും. ഓപ്ഷനൽ വ്യവസ്ഥയിൽ മുന്നിൽ ഡിസ്ക് ബ്രേക്ക് സഹിതമെത്തുന്ന ബൈക്കിന് 55,489 രൂപയാവും വില.
‘ലിവൊ’യിലൂടെ 100 — 110 സി സി വിഭാഗത്തിൽ വിപണി വിഹിതം ഉയർത്താനാവുമെന്നാണു പ്രതീക്ഷയെന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. നിലവിൽ ആറു ശതമാനമാണ് ഈ വിഭാഗത്തിൽ എച്ച് എം എസ് ഐയുടെ വിഹിതം. മൊത്തം മോട്ടോർ സൈക്കിൾ വിപണിയിൽ ഹോണ്ടയുടെ വിഹിതം 14% ആണ്.
മോട്ടോർ സൈക്കിൾ വിൽപ്പന ഇടിവു നേരിടുന്ന വേളയിലാണ് എച്ച് എം എസ് ഐ പുതിയ മോഡൽ അവതരിപ്പിച്ചത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ ബൈക്ക് വിൽപ്പനയിൽ രണ്ടു ശതമാനത്തോളം ഇടിവു നേരിട്ടിരുന്നു. ഗ്രാമീണ മേഖലയിൽ നിന്നുള്ള ആവശ്യം ഇടിഞ്ഞതാണു ബൈക്ക് വിൽപ്പനയ്ക്കു തിരിച്ചടിയായതെന്നു ഗുലേറിയ വിശദീകരിച്ചു.