കേരളത്തില്‍ ലവ് ജിഹാദ് സജീവമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ലവ് ജിഹാദ് സജീവമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലും കര്‍ണാകയിലും ഇതു നടക്കുന്നുണ്ട്. കോടതികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷാ യാത്രയുടെ രണ്ടാം ദിനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 11.20ഓടെയാണ് കണ്ണൂരിലെ കീച്ചേരിയില്‍ നിന്നും ജനരക്ഷാ യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. വൈകീട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ അവസാനിക്കുന്ന യാത്രയില്‍ ഉടനീളം യോഗി ആദിത്യനാഥിന്റെ സാന്നിധ്യമുണ്ടാകും. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സമാപന യോഗത്തില്‍ യോഗി ആദിത്യനാഥ് പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.

കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും കേരള സര്‍ക്കാര്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു തരണം, കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. ജനാധിപത്യത്തില്‍ കൊലപാതങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നും യോഗി പറഞ്ഞു. ഇന്നലെ പയ്യന്നൂരില്‍ നിന്നും ആരംഭിച്ച യാത്ര ഇന്നും കണ്ണൂര്‍ ജില്ലയിലാണ് യാത്ര ഇന്നും പര്യടനം നടത്തുക. പയ്യന്നൂരില്‍ ഇന്നലെ ഉച്ചക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രാനായകന്‍ കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദിചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര.