വിമാനക്കമ്പനികള്‍ വീണ്ടും ടിക്കറ്റ് നിരക്ക് കുറക്കുന്നു

Spicejet-aircraft

 

കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സും ചെലവ് കുറഞ്ഞ വിമാനസര്‍വീസില്‍ മുന്നിലുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സും വിമാനടിക്കറ്റ് നിരക്ക് കുറച്ചുള്ള യുദ്ധം തുടരുന്നു. സൂപ്പര്‍ ഹോളി സെയില്‍സ് സ്‌കീം എന്ന പേരില്‍ ഏപ്രില്‍ പതിനാല് മുതല്‍ ജൂണ്‍ 30 വരെയുള്ള യാത്രകള്‍ക്കാണ് സ്‌പൈസ് ജെറ്റ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച മുതല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഇളവ് ലഭിക്കുക.

ഡിസ്‌ക്കൗണ്ട് പദ്ധതി അനുസരിച്ച് ടിക്കറ്റിന് നല്‍കേണ്ട ഏറ്റവും കുറഞ്ഞ നിരക്ക് 1999 രൂപയാണ്. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലും സര്‍വീസുകളിലും മാത്രമായിരിക്കും ഇളവ് ബാധകമാവുക. യാത്ര ചെയ്യുന്ന ദിവസത്തിന് 90 ദിവസങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്യുന്ന ടിക്കറ്റിനായിരിക്കും ഇളവ് ലഭിക്കുക.

സ്‌പൈസ് ജെറ്റ് ഇളവ് പ്രഖ്യപിച്ചതോടെ രാജ്യത്തെ മറ്റെരു ചെലവ് കുറഞ്ഞ വിമാന സര്‍വീസായ ഇന്‍ഡിഗോയും ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഡിഗോ പ്രഖ്യാപിച്ച ഇളവ് അനുസരിച്ച് ഡല്‍ഹിയില്‍ നിന്നും ചണ്ഡീഖഡിലേക്കുള്ള ടിക്കറ്റിന് 1,999 രൂപയാണ്. ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്ക് 2,999 രൂപയും അമൃത്സറില്‍ നിന്നും മുംബൈയിലേക്ക് 3,999 രൂപയുമാണ്.

ജനവരി-ഫിബ്രവരി മാസങ്ങളില്‍ മിക്ക എയര്‍ലൈന്‍ കമ്പനികളും ടിക്കറ്റ് നിരക്കില്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കിയിരുന്നു. ഈ വര്‍ഷം മൂന്ന് തവണയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറച്ചത്. മൂന്ന് തവണയും ഇതിന് തുടക്കമിട്ടത് സ്‌പൈസ് ജെറ്റായിരുന്നു.

സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും വീണ്ടും ഇളവ് പ്രഖ്യാപിച്ചതോടെ ജെറ്റും എയര്‍ ഇന്ത്യയും നിരക്ക് കുറക്കാന്‍ ഇത്തവണയും നിര്‍ബന്ധിതരായേക്കും.