മധുവിന്റെ കൊലപാതകം; മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു

അട്ടപ്പാടിയിൽ വനവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണ ചുമതലയുള്ള മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശൻ അട്ടപ്പാടിയിലെത്തി തെളിവെടുപ്പ് നടത്തി. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും, റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മജിസ്‌ട്രേറ്റ് തല അന്വേഷണം ആരംഭിച്ചത്. മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം രമേശനാണ് അന്വേഷണ ചുമതല. ഇദ്ദേഹം അട്ടപ്പാടിൽ എത്തി മധുവിന്റെ ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരം ശേഖരിച്ചു.

മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണങ്ങളെക്കുറിച്ച് മജിസ്ട്രേറ്റ് പരിശോധിക്കും. മധു താമസിച്ചിരുന്ന വനത്തിനകത്തെ ഗുഹ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. വിശദമായ അന്വേഷണത്തിന് ശേഷം റിപ്പോർട്ട് എത്രയും പെട്ടന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ മാസം 22 നാണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മധു കൊല്ലപ്പെടുന്നത്. സംഭവത്തിൽ പതിനാറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.