യാത്രക്കാര്‍ക്ക് ദുരിതമായി മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം

മലബാര്‍ എക്‌സ്പ്രസിന്റെ സമയമാറ്റം ട്രെയിന്‍ യാത്രാക്കാര്‍ക്ക് വീണ്ടും ദുരിതമാകുന്നു. കാസര്‍കോട് -കണ്ണൂര്‍- മംഗളൂരു റൂട്ടില്‍ രാവിലെയുള്ള മലബാര്‍ എക്സ്പ്രസിന്റെ സമയം മാറ്റിയതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണം. തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. എന്നാല്‍ പുതുക്കിയ സമയപട്ടിക പ്രകാരം കണ്ണൂരില്‍നിന്ന് രാവിലെ 7.35നാണ് മംഗളൂരുവിലേക്ക് പുറപ്പെടേണ്ടത്. മംഗളൂരു എക്സ്പ്രസിന്റെ കൃത്യനിഷ്ഠ പോലും പുതിയ സമയമാറ്റത്തില്‍ താളം തെറ്റുകയാണ്. കണ്ണൂര്‍, തലശേരി ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് മാത്രമല്ല, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും സമയമാറ്റം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇതുകാരണം വളരെ നേരത്തെ പുറപ്പെടുന്ന മാവേലിയെയും ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനെയും ആശ്രയിക്കുകയാണ് യാത്രക്കാര്‍. മലബാറില്‍നിന്ന് സ്ഥിരം യാത്രക്കാരെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നാണ് യാത്രക്കാര്‍ പറയുന്നത്.

അതേസമയം, പുതിയ സമയത്തില്‍ സര്‍വീസ് നടത്തുന്നത് കൊണ്ട് മലബാര്‍ എക്സ്പ്രസിന് വരുമാനവര്‍ധനയോ പ്രത്യേകനേട്ടമോയില്ല. മംഗളൂരുവിലെ ആശുപത്രികളിലേക്കുള്ള രോഗികള്‍ക്കും കാസര്‍കോട് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ട ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ആണ് പുതുക്കിയ സമയം കൂടുതലായും ബാധിച്ചിരിക്കുന്നത്. മലബാര്‍ വൈകിയോടുന്നതിനാല്‍ മംഗളൂരു പാസഞ്ചറിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നേരത്തെ 14 കോച്ചുണ്ടായിരുന്നത് 11 ആക്കി കുറച്ചതും ദുരിതം ഇരട്ടിപ്പിച്ചു.

മലബാര്‍ എക്സ്പ്രസ് തലശേരിയില്‍നിന്ന് 6.50നും കണ്ണൂരില്‍ നിന്ന് 7.35നുമാണ് പുറപ്പെടുന്നത്. പിടിച്ചിടുന്നില്ലെങ്കില്‍ കാസര്‍കോട് എത്തുമ്പോള്‍ ഒമ്പതരയാകും. മഞ്ചേശ്വരത്ത് 10.05നും മംഗളൂരുവില്‍ 11നുമാണ് എത്തുക. നേരത്തെ തലശേരിയില്‍ 5.53നും കണ്ണൂരില്‍ 6.25നും കാസര്‍കോട് ഒമ്പതിനും മഞ്ചേശ്വരത്ത് 9.30നും മംഗളൂരുവില്‍ 10.15നും മലബാര്‍ എത്തിയിരുന്നു.