കലാഭവന്‍ മണിയുടെ പോസ്റ്റ്മാര്‍ട്ടം പൂര്‍ത്തിയായി

ഇന്നലെ അന്തരിച്ച നടന്‍ കലാഭവന്‍മണിയുടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മാര്‍ട്ടത്തിനുശേഷം പൊതു ദര്‍ശനത്തിനു കൊണ്ടു പോയി. 11.45ഓടെയാണ് പോസ്റ്റമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് അല്‍പസമയം ആശുപത്രിവളപ്പില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം തൃശ്ശൂര്‍ സംഗീത നാടക അക്കാദമിയിലേക്ക്് കൊണ്ടുപോകും. ഇവിടെ പൊതു ദര്‍ശനത്തിനു വച്ചശേഷമാകും ചാലക്കുടിയിലേക്ക് കൊണ്ടുപോകുന്നത്. മണിയോടുള്ള ആദരസൂചകമായി ചാലക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

അതേസമയം, കരള്‍ രോഗബാധയെ തുടര്‍ന്നാണ് മരണമെങ്കിലും മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയ സംഭവത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി കെ.എസ് സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണസംഘം മണി സുഹൃത്തുകള്‍ക്കൊപ്പം ചെലവഴിച്ച വീടിന് 500 മീറ്റര്‍ അകലെയുള്ള ഔട്ട്ഹൗസ് പരിശോധിച്ചു. സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് വിദഗ്ധര്‍ സാംപ്ള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡ് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രദേശം പൊലീസ് സീല്‍ ചെയ്തു. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ച ശേഷമെ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ.

അമിതമായി മെഥനോളിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ ആശുപത്രി അധികൃതര്‍ ഇക്കാര്യം ചേരാനല്ലൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എറണാകുളം നോര്‍ത്ത്് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ആശുപത്രിയിലെത്തി വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷം ചാലക്കുടി പൊലീസിന് സന്ദേശം കൈമാറി. ഇക്കാര്യം ഡോക്ടറുമായി ചാലക്കുടി സി.ഐയും സംഘവും കൂടിക്കാഴ്ച നടത്തി സ്ഥിരീകരിച്ച ശേഷമാണ് വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന നിലയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്.kalabhavan-mani-2