മോദിക്കെതിരായ പരാമര്‍ശം: മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മണിശങ്കര്‍ അയ്യര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മോദിയെ തരംതാണയാള്‍ എന്ന അര്‍ഥത്തില്‍ സംബോധന ചെയ്തതാണ് മണിശങ്കര്‍ അയ്യര്‍ക്ക് വിനയായത്. സംഭവത്തില്‍ അയ്യര്‍ മാപ്പുപറയുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെയാണ് അയ്യര്‍ മാപ്പു പറഞ്ഞത്.

കോണ്‍ഗ്രസിന് വ്യത്യസ്തമായ സംസ്‌കാരവും പൈതൃകവുമാണ് ഉള്ളത്. പ്രധാനമന്ത്രിക്കെതിരായുള്ള മണിശങ്കര്‍ അയ്യരുടെ ഭാഷയേയും ശൈലിയേയും താന്‍ ഒരിക്കലും അഭിനന്ദിക്കില്ല. പാര്‍ട്ടിയും താനും പ്രതീക്ഷിക്കുന്നത് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യത്തില്‍ മാപ്പുപറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.ഇതേത്തുടര്‍ന്ന് മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

ഡല്‍ഹിയില്‍ അംബേദ്ക്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനത്തിനിടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ പരമാര്‍ശങ്ങളാണ് വാക്‌പോരിന് തുടക്കം കുറിച്ചത്. അംബേദ്ക്കറിന്റെ പേരില്‍ വോട്ടു തേടിയവര്‍ അദ്ദേഹത്തെ മറന്നെന്നും രാജ്യത്തിനായുള്ള സേവനങ്ങളെ ഗൗനിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി, അംബേദ്ക്കറുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്ന വാക്കുകള്‍ മോദി ഉപയോഗിക്കരുതെന്നും മണിശങ്കര്‍ അയ്യരും പറഞ്ഞു.

പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവ്: കുമ്മനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന കോണ്‍ഗ്രസിന്റെ സവര്‍ണാധിപത്യ മനോഭാവത്തിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. നെഹ്‌റു കുടുംബത്തിന് വെളിയില്‍നിന്നുള്ള ആള്‍ പ്രധാനമന്ത്രിയായത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പാവങ്ങള്‍ക്കും പിന്നാക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് നീച പ്രവര്‍ത്തനമായാണ് കോണ്‍ഗ്രസ് കരുതുന്നത്. അതുകൊണ്ടാണ് പിന്നാക്കക്കാരനായ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്.

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മോദിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുകയാണ്. വികസന കാര്യങ്ങള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസിനു താത്പര്യം ഇല്ലാത്തതുകൊണ്ടാണ് തരംതാണ പ്രസ്താവന നടത്തുന്നത്. മണിശങ്കര്‍ അയ്യരെ നിലയ്ക്ക് നിര്‍ത്തുന്നതിന് പകരം ബിജെപിയെ കുറ്റപ്പെടുത്തുകയാണ് രാഹുല്‍ ഗാന്ധി. രാഹുലിന്റെ അനുമതിയോടെയാണ് ഈ പ്രസ്താവനയെന്ന് ഇതോടെ തെളിഞ്ഞെന്നും കുമ്മനം ആരോപിച്ചു.