രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ പ്രവേശനാനുമതി കൂടി സുപ്രീം കോടതി റദ്ദാക്കി

രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ പ്രവേശനാനുമതി കൂടി സുപ്രീം കോടതി റദ്ദാക്കി. അടൂർ മൗണ്ട് സിയോൺ, വയനാട് ഡിഎം മെഡിക്കൽ കോളെജുകൾക്കെതിരെയാണ്‌ നടപടി. ഹൈക്കോടതി നൽകിയ താൽക്കാലിക പ്രവേശനനുമതി സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നേടാനാവാത്തതാണ്‌ രണ്ട് മെഡിക്കൽ കോളേജുകൾക്ക് തിരിച്ചടിയായത്. മെഡിക്കൽ കൗൺസിൽ നടത്തിയ പരിശോധനയിൽ ഡോക്ടർമാരുടെ അഭാവം കണ്ടെത്തിയതിനെ തുടർന്നാണ്‌ അടൂർ മൗണ്ട് സിയോൻ മെഡിക്കൽ കോളജിന്‌ മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ തുടർന്നായിരുന്നു വയനാട് ഡിഎം മെഡിക്കൽ കോളേജിന്‌ അനുമതി ലഭിക്കാതിരുന്നത്.

ഈ വർഷം പ്രവേശനം നടത്താൻ ഹൈക്കോടതി കോളേജുകൾക്ക് താത്കാലികാനുമതി നൽകിയിരുന്നു. ഇതിനെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയിൽ നൽകിയ ഹർജ്ജിയിലാണ്‌ ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതോടെ ഈ വർഷം ഈ രണ്ടു മെഡിക്കൽ കോളേജുകളിലും പ്രവേശനം നടത്താനാവില്ല. രണ്ട് കോളേജുകളിൽ നിന്നായി 250 വിദ്യാർത്ഥികളാണ്‌ ഈ വർഷം അഡ്മിഷനെടുത്തത്. കഴിഞ്ഞ ദിവസം സമാനമായ സംഭവത്തിൽ തൊടുപുഴ അൽ അസ്ഫർ കോളേജിന്റെ പ്രവേശനാനുമതിയും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പുതിയ റിട്ട് ഹർജ്ജി നൽകാനും കോടതി കോളേജിന്‌ അനുമതി നൽകിയിരുന്നു.