ഇന്ത്യയെ ഓസ്ട്രേലിയ ‘വൈറ്റ് വാഷ്’ ചെയ്യും: മഗ്രാത്ത്

mcgrath

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എല്ലാ കളികളും തോല്‍ക്കുമെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. 2011-12 സീസണില്‍ ഓസ്ട്രേലിയയും 2012-13 സീസണില്‍ ഇന്ത്യയും 4-0ന് ടെസ്റ്റ് പരമ്പര തൂത്തുവാരിയിരുന്നു. എന്നാല്‍ അടുത്തമാസം ആരംഭിക്കുന്ന പരമ്പര ഓസ്ട്രേലിയ തൂത്തുവാരുമെന്ന് മഗ്രാത്ത് പ്രവചിച്ചു. സിഡ്നി മോണിംഗ് ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് മഗ്രാത്ത് ഇക്കാര്യം പറഞ്ഞത്. ഓസ്ട്രേലിയന്‍ ടീമില്‍ നിരവധി പ്രശ്നങ്ങളുണ്ട്. എന്നാല്‍ ധോണി നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ടീമിന് ഓസ്ട്രേലിയയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റതുപോലെ ഓസ്ട്രേലിയയിലും സമ്പൂര്‍ണ പരാജയമുണ്ടാകുമെന്നും മഗ്രാത്ത് പറഞ്ഞു. ബൗണ്‍സും വേഗതയും നിറഞ്ഞ ഓസ്ട്രേലിയന്‍ പിച്ചുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇല്ല. 1985ന് ശേഷം നടന്ന 23 ടെസ്റ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇന്ത്യ ഇവിടെ ജയിച്ചത്. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണന്‍ തുടങ്ങിയവര്‍ മികച്ച ഫോമില്‍ കളിച്ചപ്പോഴാണ് ഇന്ത്യ രണ്ടു കളി ജയിച്ചത്. എന്നാല്‍ അവര്‍ക്ക് പകരംവെക്കാവുന്ന താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നും മഗ്രാത്ത് ചൂണ്ടിക്കാട്ടി.