സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

സ്വാശ്രയ ഡെന്റല്‍ കോളെജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്. പ്രവേശനം ഇന്ന് പൂര്‍ത്തിയായില്ലെങ്കില്‍ നാളെയും തുടരും. ബിഡിഎസ് കോഴ്‌സിലേക്കായി ഇതുവരെ മൂന്ന് അലോട്‌മെന്റുകളാണ് നടന്നത്. 600 സീറ്റുകളില്‍ ഒഴിവുണ്ട്. ആഗസ്റ്റ് 31 ന് നിര്‍ത്താനിരുന്ന പ്രവേശനം ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് നീട്ടിയത്.

ദിവസങ്ങൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ സ്വാശ്രയ മെഡിക്കൽ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ പൂർത്തിയായി. അഡ്മിഷന് ആളില്ലാതിരുന്ന 117 എൻആർഐ സീറ്റുകൾ സ്വാശ്രയ മാനേജ്മെന്റുകളുടെ എതിർപ്പു മറികടന്നു സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗങ്ങളിലേക്കും മാറ്റിയാണു പ്രവേശനം പൂർത്തിയാക്കിയത്. ബിഡിഎസ് പ്രവേശനം നാളെയും മറ്റന്നാളുമായി നടക്കും.

ഫീസിനെക്കുറിച്ചും ബാങ്ക് ഗാരന്റിയെക്കുറിച്ചുമുള്ള ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലാണു രണ്ടു ദിവസം കൊണ്ടു പൂർത്തിയാകേണ്ട സ്പോട്ട് അഡ്മിഷൻ ഇന്നു വൈകിട്ടു മൂന്നരയ്ക്ക് അവസാനിച്ചത്. വിദ്യാർഥികളെത്താതെ ബാക്കിയായ 117 സീറ്റുകളും ഉടൻ തന്നെ എൻട്രൻസ് കമ്മീഷണർ സ്റ്റേറ്റ് മെറിറ്റിലേക്കും സംവരണ വിഭാഗത്തിലേക്കും മാറ്റി. 20 ലക്ഷം രൂപ വീതം ഫീസായി കിട്ടേണ്ട ഇത്രയും സീറ്റുകൾ അഞ്ചുലക്ഷം രൂപ ഫീസ് നിരക്കിലേക്കു മാറിയതോടെ സമ്മർദത്തിലായ മാനേജ്മെന്റുകൾ സ്പോട്ട് അഡ്മിഷൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ നിയമപ്രകാരമാണു നടപടിയെന്ന് എൻട്രൻസ് കമ്മീഷണർ വ്യക്തമാക്കി. മാനേജ്മെന്റുകൾ കോടതിയിലേക്കു പോയാൽ സർക്കാർ നേരിടുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നൽകി.
1088 എംബിബിഎസ് സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയാണു സ്പോട്ട് അഡ്മിഷൻ അവസാനിച്ചത്. ഇനി ഫീസ് നിർണയ സമിതി എത്ര രൂപ ഫീസ് നിശ്ചയിക്കുമെന്നറിയാനുള്ള കാത്തിരിപ്പാണ്.