ചികിത്സാ വിസയ്ക്ക് അപേക്ഷിച്ച പാകിസ്താനികള്‍ക്ക് സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം

പാകിസ്താനില്‍നിന്ന് ചികിത്സാര്‍ഥം ഇന്ത്യയിലേയ്ക്കു വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന എല്ലാവര്‍ക്കും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ദീപാവലി സമ്മാനം. മെഡിക്കൽ വിസയ്ക്കായി അപേക്ഷിച്ച് കാത്തിരിക്കുന്ന എല്ലാവര്‍ക്കും ഇന്ന് വിസ അനുവദിക്കുമെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നതിനുള്ള പ്രത്യേക വിസയ്ക്കായി കാത്തിരിക്കുന്ന അര്‍ഹരായ എല്ലാവര്‍ക്കും അവരുടെ രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് വിസ അനുവദിക്കുകയെന്നും സുഷമാ സ്വരാജ് ട്വീറ്റില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തില്‍പ്പോലും നിരവധി പേര്‍ വിസയ്ക്കായി അപേക്ഷച്ച് സുഷമാ സ്വരാജിന് ട്വീറ്റ് ചെയ്തിരുന്നു. മാനുഷിക പരിഗണന മുന്‍നിര്‍ത്തി രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രോഗികളുടെ യാത്രയെ ബാധിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധവെച്ചതിലൂടെ നിരവധി തവണ സുഷമാ സ്വരാജ് പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.