ഇറാന്‍ ആണവ കരാറുമായി ബന്ധപ്പെട്ട് ആംഗല മെര്‍ക്കലുമായി ചര്‍ച്ച ചെയ്‌തെന്ന്‌ ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും 2015ലെ ഇറാന്‍ ആണ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്തു. ഏകദിന സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തിയതായിരുന്നു ആംഗല മെര്‍ക്കല്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയാണ് മെര്‍ക്കലും യുഎസിലെത്തിയത്.

വൈറ്റ് ഹൗസില്‍ മെര്‍ക്കലും ട്രംപും സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. ഇറാന്‍ ആണവ കരാറിനെ കുറിച്ച് മെര്‍ക്കലുമായി ചര്‍ച്ച ചെയ്തതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഇരുവരും ഇത് സംബന്ധിച്ച എന്തെങ്കിലും കരാറിന് രൂപം നല്‍കിയിട്ടുണ്ടോ എന്ന് ട്രംപ് സൂചിപ്പിച്ചില്ല. മിഡില്‍ ഈസ്റ്റില്‍ വ്യാപകമായി ഇറാനിയന്‍ ഭരണകൂടം അക്രമവും രക്തച്ചൊരിച്ചിലും നടത്തുന്നുവെന്ന് ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം അക്രമങ്ങള്‍ക്കൊടുവില്‍ ആണവ ആയുധം ഉപയോഗിക്കുന്നില്ലെന്ന ഉറപ്പുവരുത്തണം. അപകടകരമായ മിസൈലുകളുടെ ഉപയോഗവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും ഇറാന്‍ അവസാനിപ്പിക്കണം. മിഡില്‍ ഈസ്റ്റില്‍ എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടോ അവിടെയെല്ലാം ഇറാനുമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആണവ പദ്ധതികള്‍ പുനരാരംഭിക്കാനാണ് ഇറാന്റെ നീക്കമെങ്കില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത വിധം വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് ഏതുനിമിഷവും പിന്‍മാറുമെന്ന ഭീഷണിയില്‍ തുടരുന്നതിന് പിന്നാലെയാണ് യുഎസിന്റെ പുതിയ നീക്കം.