ബാഴ്‌സയില്‍ ആഭ്യന്തര കലഹമെന്ന് സൂചനകള്‍; മെസിയും ഈ സൂപ്പര്‍താരവും അകല്‍ച്ചയില്‍!

കളിക്കളത്തിലെ മോശം പ്രകടനത്തിനു പുറമേ ബാഴ്സലോണയിൽ താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ആരംഭിച്ചുവെന്നു സൂചനകൾ. കഴിഞ്ഞ മൂന്നു മത്സരത്തിൽ ഒരു ജയം പോലും സ്വന്തമാക്കാനാവാതെ ബാഴ്സ പതറുന്നതിനിടയിൽ ടീമിലെ സൂപ്പർതാരങ്ങളായ മെസിയും പിക്വയും തമ്മിൽ അകൽച്ചയിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് മാധ്യമം എൽ ചിരിഗുറ്റോയാണ് ഈ വാർത്ത പുറത്തു വിട്ടത്. കഴിഞ്ഞ ലാലിഗ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയോടു സമനില വഴങ്ങിയതിനു ശേഷം ബാഴ്സ പ്രതിരോധത്തിന്റെ പ്രകടനം മെച്ചപ്പെടാനുണ്ടെന്ന് മെസി തുറന്നടിച്ചിരുന്നു.

മത്സരത്തിൽ മോശം റിസൾട്ടുകൾ വരുമ്പോൾ മെസി മാധ്യമങ്ങളെ കാണുന്നില്ലെന്നതാണ് പിക്വ താരത്തിനെതിരെ പരാതിയായി പറയുന്നത്. ടീം പതറുമ്പോഴും മെസി മാധ്യമങ്ങളോടു സംസാരിക്കണമെന്നും അർജൻറീനയിൽ മാത്രമാണ് മെസിക്ക് ഈ സ്വഭാവമുള്ളുവെന്നും പിക്വ കുറ്റപ്പെടുത്തുന്നു. അതേ സമയം കഴിഞ്ഞ കുറേ മത്സരങ്ങളിലായി പിക്വയുടെ പ്രകടനത്തിൽ ആരാധകരടക്കം തൃപ്തരല്ല. കഴിഞ്ഞ ഏഴു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകളാണ് ബാഴ്സ വഴങ്ങിയിരിക്കുന്നത്. സ്പെയിനിലെ ആദ്യ നാലു ടീമുകളിൽ ഏറ്റവുമധികം ഗോൾ വഴങ്ങിയ ടീം ബാഴ്സലോണയാണ്.

അതേ സമയം ഈ സീസണിലും ബാഴ്സക്കു വേണ്ടി തകർപ്പൻ പ്രകടനമാണ് മെസി കാഴ്ച വെക്കുന്നത്. എട്ടു മത്സരങ്ങളിൽ നിന്നും എട്ടു ഗോളുകൾ ഇതു വരെ താരം നേടിക്കഴിഞ്ഞു. പല മത്സരങ്ങളിലും ബാഴ്സയെ തോൽവിയിൽ നിന്നും രക്ഷിക്കുന്നത് മെസിയുടെ പ്രകടനമാണ്.

Show More

Related Articles

Close
Close