വംശീയമായി അധിക്ഷേപിച്ചവര്‍ക്ക് ചുട്ടമറുപടി നല്‍കി ഓസില്‍; ആഴ്‌സണലിന് പിഎസ്ജിക്കെതിരെ തകര്‍പ്പന്‍ ജയം

തനിക്കെതിരെ വന്ന വിമര്‍ശകരുടെ കൂരമ്പുകളെല്ലാം ഒരു ദിവസം കൊണ്ട് തൊടുത്ത് വിട്ട് മെസ്യൂദ് ഓസില്‍. വംശീയ വിവാദങ്ങളുടെ പുകചുരുളില്‍ നിന്ന് ക്ലബ് ഫുട്‌ബോളില്‍ തന്റെ സ്ഥാനം വീണ്ടും അരക്കെട്ടുറപ്പിച്ചിരിക്കുകയാണ് ഈ ജര്‍മ്മന്‍ താരം.വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച മെസ്യൂദ് ഓസില്‍ നയിച്ച ആഴ്സണല്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കെതിരേ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ മുട്ടുകുത്തിച്ചത്.
ആദ്യപകുതിയില്‍ ഓസിലിന്റെ ഗോളിലൂടെ ആഴ്‌സണലാണ് മത്സരത്തില്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെയാണ് പിഎസ്ജി ഒരു ഗോളെങ്കിലും സ്വന്തമാക്കിയത്. ഒരു പറ്റം യുവതാരങ്ങളുമായി ഇറങ്ങിയ പിഎസ്ജിയുടെ കരുത്ത് ഓസിലിന് മുന്നില്‍ ഒന്നുമല്ലാതാകുകയായിരുന്നു. പിഎസ്ജിയിലേക്ക് മാറിയ മുന്‍ യുവെന്റസ് ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂ ബുഫണിനെ കീഴടക്കിയാണ് താരം ഗോള്‍ നേടിയത്.
തുര്‍ക്കി വംശജനായതിനാല്‍ ജര്‍മനിയില്‍ തനിക്ക് വംശീയധിക്ഷേപം നേരിടേണ്ടിവന്നെന്നും ഇനി ദേശീയ ടീമില്‍ കളിക്കാനില്ലെന്നും ഓസില്‍ ലോകകപ്പിന് ശേഷം വ്യക്തമാക്കിയിരുന്നു. ഇത് കുറച്ചൊന്നുമല്ല ആരധകരെ നിരാശരാക്കിയത്. എന്നാല്‍ ഇപ്പോള്‍ ആഴ്‌സണലിന്റെ ക്യാപ്റ്റന്‍ സ്ഥാനവുമേറ്റെടുത്ത് കളത്തിലിറങ്ങിയ ഓസില്‍ ടീമിനെ വിജയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദുഗാനോടൊപ്പം ഫോട്ടോ എടുത്തതിന്റെ പേരിലാണ് ഓസിലിന് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നത്. ഇതിന്റെ പേരില്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ മേഖലയില്‍ നിന്നും എതിര്‍പ്പുകളുണ്ടായിരുന്നു. ‘താനൊരു പ്രൊഫഷനല്‍ ഫുട്ബോള്‍ താരമാണ്. തന്റെ കുടുബാംഗങ്ങളുടെ രാജ്യത്തെ പരമോന്നത നേതാവിനൊപ്പമുള്ള ഫോട്ടോ തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് പ്രഖ്യാപനമോ അല്ല, ആദരം മാത്രമാണ്. അതിനുപ്പുറം ഒന്നുമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും വംശവെറിയന്മാര്‍ ഉള്‍ക്കൊണ്ടിരുന്നില്ല.