മീടൂ ആരോപണം; എംജെ അക്ബറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി!

ന്യൂഡല്‍ഹി: മീടൂ ആരോപണത്തെ തുടര്‍ന്ന് എംജെ അക്ബറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി വനിതാ മാധ്യമപ്രവര്‍ത്തകര്‍.

മന്ത്രിസഭയില്‍ അക്ബറിനെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിയ്ക്കും നിവേദനം നല്‍കും. ഇരകള്‍ക്കെതിരെ അക്ബര്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു.

അതേസമയം, കേന്ദ്ര സഹമന്ത്രി എം. ജെ അക്ബര്‍ നല്‍കിയ മാനനഷ്ടകേസ് പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിച്ചേക്കും. തനിക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകക്ക് എതിരെ മാത്രമാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്. എന്ത് നിയമനടപടികളും നേരിടാന്‍ തയ്യാറാണെന്നും, സത്യം എന്നത് ചെറുത്ത് നില്‍പ്പ് മാത്രമാണെന്നും ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പറഞ്ഞു.

പതിനൊന്ന് വനിത മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിട്ടും ആദ്യം വെളിപ്പെടുത്തല്‍ നടത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെയാണ് സഹമന്ത്രി പരാതി നല്‍കിയിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പിന്നില്‍ ഗൂഢമായ അജണ്ടയുണ്ടെന്നും മാനനഷ്ടകേസില്‍ മന്ത്രി ആരോപിക്കുന്നു. പതിമൂന്ന് സാക്ഷികളെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാട്യാല ഹൗസ് കോടതി ഇന്ന് ഉച്ചക്ക് ശേഷം പരാതി പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ നിയമനടപടികള്‍ നേരിടാന്‍ തന്നെയാണ് തീരുമാനമെന്ന് ആദ്യം അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

Show More

Related Articles

Close
Close