കുട്ടികളെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; സുപ്രധാന ബില്‍ ലോക്‌സഭ പാസാക്കി

12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന ബില്‍ ലോക്‌സഭ പാസാക്കി. ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണു നിയമമാക്കി അവതരിപ്പിച്ചത്. രാജ്യത്തെ പിടിച്ചുലച്ച കത്വ, ഉന്നോവ ബലാത്സംഗകേസുകളാണ് സര്‍ക്കാരിനെ പുതിയ ബില്‍ കൊണ്ടുവരുന്നതിലെത്തിച്ചത്

സഭയില്‍ ശബ്ദവോട്ടോടെ പാസായ ബില്ലിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചു. എന്നാല്‍ ചില പ്രതിപക്ഷ അംഗങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ നിയമങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്ര നീക്കത്തെ എതിര്‍ത്തു രംഗത്തെത്തി. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ തള്ളുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടാണ് നിയമമെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് കുറഞ്ഞത് ജീവപര്യന്തവും 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് കുറഞ്ഞത് 20 വര്‍ഷം തടവും ശിക്ഷയായി വിധിക്കാമെന്നും ക്രിമിനല്‍ കുറ്റ നിയമ ഭേദഗതി ബില്ലിലുണ്ട്. ഏപ്രില്‍ 21നു കൊണ്ടുവന്ന ക്രിമിനല്‍ ലോ (അമെന്‍ഡ്‌മെന്റ്) ഓര്‍ഡിനന്‍സിനു പകരമായാണ് ബില്‍ അവതരിപ്പിച്ചത്.

നിലവില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമം അനുസരിച്ച് കിട്ടാവുന്ന പരാമവധി ശിക്ഷ ജീവപര്യന്തം തടവാണ്. കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളും വിചാരണയും പെട്ടെന്ന് തീര്‍പ്പാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്