മോഡി മുഖ്യ പരിപാടികള്‍ക്കെല്ലാം ധരിക്കുന്നത് തന്റെ ഷാളെന്ന് സുരേഷ് ഗോപി

ഇത് തന്നെ ഷാള്‍ ഗോപി എന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടി:

താന്‍ സമ്മാനിച്ച ഷാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യ പരിപാടികള്‍ക്കെല്ലാം പോകുമ്പോള്‍ ധരിക്കുന്നതെന്ന് നടന്‍ സുരേഷ് ഗോപി. തന്നെ ഷാള്‍ ഗോപി എന്ന് വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.

su mരാജ്യസഭയില്‍ മുഴുവന്‍ സമയവും ചെലവഴിച്ച് കാര്യങ്ങള്‍ പഠിക്കുകയാണ് ആദ്യത്തെ പരിഗണനയെന്നും രാജ്യസഭാംഗമായി ചുമതലയേറ്റ സുരേഷ് ഗോപി വ്യക്തമാക്കി.

രണ്ടുവര്‍ഷം മുമ്പ് താന്‍ നല്‍കിയ ഷാളാണ് ഇപ്പോഴും മുഖ്യ പരിപാടികള്‍ക്ക് പോകുമ്പോള്‍ ധരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞതായി സുരേഷ് ഗോപി അവകാശപ്പെട്ടു.ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ സുരേഷ് ഗോപി പ്രധാനമന്ത്രിയെ കണ്ട് കസവു ഷാള്‍ സമ്മാനിക്കുകയും വികസനം നടത്തുകയാണെങ്കില്‍ അടിമയാകാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാമാണ് സുരേഷ് ഗോപിയെ കസവു ഷാള്‍ ഗോപി എന്ന് വിശേഷിപ്പിച്ചത്.

രാജ്യസഭാ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടെന്നും അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ക്ഷണിച്ച് കസവ് ഷാള്‍ സമ്മാനിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു.