മോദി ഇഫക്ട്‌

നോട്ട് അസാധുവാക്കല്‍ നടപടി ബിജെപിക്ക് തിരിച്ചടിയാവുമെന്ന പ്രചരണത്തിന്റെ മുനയൊടിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടി. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുപിയില്‍ ബിജെപി അധികാരത്തിലേക്കു വരുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുക്കാതെ നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ യു പി തിരഞ്ഞെടുപ്പിന്‍റെ ഗതിവിഗതികളെ ഇളക്കി മറിച്ചു. പ്രധാനമന്ത്രിയുടെ ലോക്സഭാ മണ്ഡലം അടക്കം ഉള്‍പ്പെടുന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ ഭരണം പിടിച്ചതോടെ അത് എന്‍ ഡി എ മുന്നണിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരിക്കുകയാണിപ്പോള്‍.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളേപ്പോലും അതിശയിക്കുന്ന പ്രകടനത്തോടെയാണ് ഉത്തര്‍പ്രദേശിലും അയല്‍സംസ്ഥാനമായ ഉത്തരാഖണ്ഡിലും ബിജെപി വന്‍ ലീഡോടെ ഭരണമുറപ്പിച്ചത്. നിലവിലെ സാഹചര്യത്തില്‍ യുപിയില്‍ ബിജെപി റെക്കോഡ് വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1991ല്‍ നേടിയ 221 സീറ്റുകളാണ് ബിജെപി സംസ്ഥാനത്ത് മുമ്പ് നേടിയിട്ടുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷം.

ഉത്തര്‍പ്രദേശില്‍ ബിജെപി വിജയം ഉറപ്പിച്ചതോടെ ബിജെപിയുടെ ലഖ്നൌ ആസ്ഥാനം ആഘോഷത്തിമിര്‍പ്പിലാണ്. വര്‍ണങ്ങള്‍ വാരിവിതറിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷങ്ങള്‍ മുന്നേറുകയാണ്. മുന്നൂറിന് മുകളില്‍ സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്‌ഷാ തുടക്കം മുതല്‍ പറഞ്ഞിരുന്നത്. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ അമിത്‌ഷായുടെ വാക്കുകള്‍ ശരിവയ്ക്കുന്ന പ്രകടനം തന്നെയാണ് ദൃശ്യമായത്.