ഭരണപരിഷ്‌കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയില്‍.

ഭരണപരിഷ്‌കാരങ്ങളും വികസനപ്രവര്‍ത്തനങ്ങളും എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി മേഘാലയയില്‍. ഷില്ലോങ്-നോങ്‌സ്റ്റോയ്ന്‍-രോങ്‌ജെങ്-ടോറ റോഡിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴായിരുന്നു  വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായി നടപ്പാക്കിയ നേട്ടങ്ങള്‍ അദ്ദേഹം    എണ്ണിപ്പറഞ്ഞത്.  ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി മാറ്റം കൊണ്ടുവരികയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  വ്യക്തമാക്കിയതിനോടൊപ്പം  മേഘാലയയിലെ പ്രധാന നഗരങ്ങളായ ഷില്ലോങ്ങും ടോറയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാത, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വേകുമെന്നും ഈ പാതമൂലം  , ഇരു നഗരങ്ങള്‍ക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയുമെന്നും പ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി.

വിവിധ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായി ഏതാണ്ട് 4,000 കിലോമീറ്ററോളം ദൂരത്തില്‍ ദേശീയപാതക്കായി 32,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ പുതിയ 15 റെയില്‍വേ ലൈനുകളും അനുവദിച്ചു. ഇതിനെല്ലാം കൂടി 1385 കിലോമീറ്റര്‍ നീളം വരും. 47,000 കോടിയോളം മുതല്‍മുടക്കുന്ന ഈ പദ്ധതിയും സംസ്ഥാനത്തിന്റെ വികസനത്തിന് സഹായകമാകും.

2014 ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടനെ, കേന്ദ്രമന്ത്രിമാരില്‍ ഒരാള്‍ 15 ദിവസത്തിനുള്ളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരിക്കണമെന്ന് താന്‍ നിര്‍ദ്ദേശം നല്‍കിയ കാര്യം മോദി ഓര്‍മ്മിച്ചു. രാവിലെ ഇവിടെ വന്ന് വൈകീട്ട് ഡല്‍ഹിക്കു മടങ്ങുന്നതുപോലെ ആകരുത് സന്ദര്‍ശനമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. അവര്‍ ഇവിടെ വരികയും ജനങ്ങളുമൊത്ത് സമയം ചെലവഴിക്കുകയും പറയാനുള്ളത് കേള്‍ക്കുകയും ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

2002ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. ഇതേ വര്‍ഷം തന്നെയാണ് മേഘാലയ സ്ഥാപിതമായിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്നത്. രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനവും സംസ്ഥാനത്തിന്റെ 50ആം പിറന്നാളും ദേശീയ ഗെയിംസും ഒപ്പമെത്തുന്ന ഈ അവസരം മേഘാലയക്കാരെ സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ്. പുതിയ പ്രതിജ്ഞകള്‍ എടുക്കാനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം പറഞ്ഞു.

മൊറാര്‍ജി ദേശായിക്കു ശേഷം വടക്കുകിഴക്കന്‍ സംസ്ഥാന കൗണ്‍സിലില്‍ പങ്കെടുത്ത ഏക പ്രധാനമന്ത്രി താനാണെന്നും , മേഘാലയയെ രാജ്യത്തെ ഒന്നാം നമ്പര്‍ വിനോദസഞ്ചാര കേന്ദ്രമാക്കി വളര്‍ത്തുമെന്നും മോദി പ്രഖ്യാപിച്ചു. ഇതിനായി 100 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്നും മോദി വ്യക്തമാക്കി.