വനിതാ സംവരണ ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ വനിതാ ശാക്തീകരണ ശ്രമങ്ങളുടെ മറ്റൊരു നടപടിയെന്ന നിലയ്ക്കാകും ഇത് ജനങ്ങളില്‍ അവതരിപ്പിക്കുക. ജിഎസ്ടിക്ക് ശേഷം കേന്ദ്രസര്‍ക്കാരിന്റെയും വിശേഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഉതകുമെന്ന കണക്കുകൂട്ടലില്‍ വളരെയധികം പ്രാധാന്യത്തോടെയാണ് മോദിസര്‍ക്കാര്‍ വനിതാ സംവരണ ബില്ലിനെ നോക്കിക്കാണുന്നത്. മുത്തലാഖ് നിരോധനം, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്ത്രീകള്‍ക്കായി സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കല്‍, റേഷന്‍ സബ്‌സിഡി ഉള്‍പ്പെടെ സ്ത്രീകളുടെ അക്കൗണ്ടിലെത്തിക്കല്‍ തുടങ്ങിയ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന വനിതാ സംവരണ ബില്ലുകൂടി കൊണ്ടുവരുന്നത്. കഴിഞ്ഞ സര്‍ക്കാരിന് സാധിക്കാതിരുന്നത് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് മോദിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ നേട്ടമായി തീരുമെന്ന് ബിജെപിയും മോദിയും കണക്കുകൂട്ടുന്നു.

ബില്‍ ലോക്‌സഭയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിശബ്ദമായി തുടങ്ങിക്കഴിഞ്ഞുവെന്നാണ് വിവരങ്ങള്‍. പാര്‍ലമെന്റുള്‍പ്പെടെയുള്ള നിയമ നിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്കായി മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന ബില്ലാണ് വനിതാ സംവരണ ബില്‍. 2010 ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ ബില്‍ പാസാക്കിയതാണ്. അന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായാണ് കോണ്‍ഗ്രസ് ഈ വിജയത്തെ പ്രചരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതില്‍ മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിന് സാധിച്ചില്ല. യുപിഎ സഖ്യകക്ഷികളായ സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബില്‍ ലോക്‌സഭയെന്ന കടമ്പ കടക്കാതെ പരാജയപ്പെട്ടത്. മാത്രമല്ല ബില്‍ പാസാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ വരെ നിലപാടെടുത്തിരുന്നു. 1996 ലാണ് ആദ്യമായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലെത്തുന്നത്. എന്നാല്‍ രാഷ്ട്രീയ പിന്തുണ കിട്ടാതിരുന്നതിനെ തുടര്‍ന്ന് ബില്‍ പരാജയപ്പെട്ടു. പിന്നീട് വാജ്‌പേയി സര്‍ക്കാര്‍ 1998 വീണ്ടും ഇതിനെ പാര്‍ലമെന്റില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴും ബില്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. കോണ്‍ഗ്രസിന്റെ നിസഹകരണമായിരുന്നു ബില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് അന്ന് കേന്ദ്രം ആരോപിച്ചത്. പിന്നീട് യുപിഎ സര്‍ക്കാര്‍ രണ്ടുതവണ അധികാരത്തിലെത്തി. രണ്ടാം യുപിഎയുടെ കാലത്താണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാന്‍ സാധിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ സഖ്യകക്ഷികളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് ബില്‍ പാസാക്കാന്‍ സാധിച്ചില്ല. ബില്‍ അവതരണ സമയത്ത് ലോക്‌സഭയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. നിലവില്‍ രാജ്യസഭയില്‍ പാസാക്കിയ ബില്‍ ഇതുവരെ ലാപ്‌സായിട്ടില്ല. ഇതിനെ ലോക്‌സഭയില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.