അല്‍ഫോന്‍സ്‌ കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തു: കേന്ദ്രമന്ത്രിസഭയില്‍ പുതുതായി 9 മന്ത്രിമാര്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി മന്ത്രിസഭയുടെ പുനസംഘടനാ ചടങ്ങുകള്‍ രാഷ്ട്രപതി ഭവനില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം അടക്കം 9 പേരുടെ സത്യപ്രതിജ്ഞയാണ് നടന്നത്.

നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയിൽ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു മോദി സർക്കാരിൽ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്.

ഉപരാഷ്ട്രപതി ശ്രീ വെങ്കയ്യ നായിഡു ,സ്പീക്കര്‍ സുമിത്രാ മഹാജന്‍ , കേന്ദ്രമന്ത്രിമാര്‍ , എം പി മാര്‍ , മുതിര്‍ന്ന ഉദ്ധ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സന്നിഹിതരായിരുന്നു. സത്യപ്രതിജ്ഞയുടെ അവസാന നിമിഷങ്ങളിലും പുനസംഘടനയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല . പുതിയ പ്രതിരോധമന്ത്രി ആരായിരിക്കും എന്നതാണ് ഏറ്റവും ആകാംക്ഷ സൃഷ്ടിച്ച ചോദ്യം.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ധര്‍മേന്ദ്ര പ്രധാന്‍ ആണ്, സത്യപ്രതിജ്ഞക്കിടെ പറഞ്ഞ വാക്കുകളില്‍ വന്ന പിശക് രാഷ്ട്രപതി ധര്‍മേന്ദ്ര പ്രാധാന് തിരുത്തി വായിച്ചു നല്‍കിയത് ശ്രദ്ധേയമായി. തുടര്‍ന്ന് പിയുഷ് ഗോയല്‍ , നിര്‍മലാ സീതാരാമന്‍ , മുഖ്താര്‍ അബ്ബാസ്‌ നഖ്‌വി ,എന്നിവരുടെ സത്യപ്രതിജ്ഞ നടന്നു. കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്ന ഈ നാലു മന്ത്രിമാർക്ക് മന്ത്രിസഭാ പുനഃസംഘടനയിൽ ക്യാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയി  ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), അശ്വനി കുമാർ ചൗബെ (ബിഹാർ), ഡോക്ടര്‍ വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിങ് (ബിഹാർ), ഹർദീപ് സിങ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), ഡോക്ടര്‍  സത്യപാൽ സിങ് (ഉത്തർപ്രദേശ്) ,  അല്‍ഫോന്‍സ്‌ കണ്ണന്താനം എന്നിവര്‍ യഥാക്രമം സത്യപ്രതിജ്ഞ ചെയ്തു.