ഐഐടികളില്‍ പട്ടികജാതി-വര്‍ഗക്കാര്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യ പഠനം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പാവപ്പെട്ട പട്ടികജാതി, വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പൂര്‍ണ്ണമായും സൗജന്യമായി പഠിക്കാം. സംവരണ വിഭാഗത്തില്‍പെട്ടവരെക്കൂടാതെ വിഭിന്നശേഷിയുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠനം പൂര്‍ണ്ണമായും സൗജന്യമാണ്. നിലവില്‍ എസ്സിക്ക് 15%, എസ്ടി 7.5%, ഒബിസിക്ക് 27% എന്നിങ്ങനെയാണ് ഐഐടികളില്‍ സംവരണം.

ഇതുകൂടാതെ ജനറല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ ആവശ്യമുള്ളവര്‍ക്ക് പൂര്‍ണ്ണമായും പലിശരഹിത വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതാണ്. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രാലയം അറിയിച്ചതാണ് ഇത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഫീസിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 66% ഫീസ് ഇളവ് ലഭിക്കും. ഐഐടികളില്‍ പ്രവേശനം ലഭിക്കുന്ന 50 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്.

അതേസമയം ഐഐടികളിലെ വാര്‍ഷിക ഫീസ് ഫീസ് 90,000ല്‍ നിന്ന് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയേക്കും. ഫീസ് മൂന്നു ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു ഐഐടി കൗണ്‍സിലിന്റെ ശുപാര്‍ശ. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഐഐടി കൗണ്‍സില്‍ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മൂന്നു ലക്ഷത്തിനു പകരം രണ്ടു ലക്ഷം മതിയെന്നാണ് തീരുമാനം. എന്നാല്‍ ഫീസ് വര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും മനുഷ്യവിഭവ ശേഷി മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്.