ജി.എസ്.ടിയെ ബ്രിക്സ് വേദിയില്‍ അവതരിപ്പിച്ച് പ്രധാനമന്ത്രി, ഇതു രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരം.

ബ്രിക്സ് ബിസിനസ്‌ കൌണ്‍സിലില്‍ സംസാരിക്കുമ്പോള്‍ ആണ് ജി.എസ്.ടി ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. നേരിട്ടുള്ള വിദേശ നിക്ഷേപം എക്കാലത്തെയും ഉയര്‍ന്ന നിലയിലാണ്. വിവിധ നികുതികള്‍ ഏകീകരിച്ച ജി.എസ്.ടി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്)  രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമാണെന്നും ലോകത്തെ ഉദാരമായ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റി. രാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം ശക്തമാക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും വ്യവസായങ്ങള്‍ കൊണ്ടുവരാനും ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും പ്രാദേശിക ഉത്പാദന മേഖലയ്ക്ക് നല്‍കിയ പിന്തുണയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. ജി.എസ്.ടി നടപ്പാക്കിയത് വ്യവസായം നടത്തുന്നത് അനായാസമാക്കി. ചരക്കുനീക്കം സുഗമമാക്കാനും ഇത് വഴിതെളിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.