ബാഹുബലിയും ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് ഹിന്ദി പതിപ്പിന്റെ തീയേറ്റർ പ്രിന്റ്

ba
ബിഗ് ബജറ്റ് ചിത്രം ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ തീയേറ്റർ പ്രിന്റാണ് വിവിധ വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നത്. മൂവ്എംബെഡ്, മൂവിറൂൾസ്, വീഡിയോഹട്ട് തുടങ്ങിയ സൈറ്റുകളിലാണ് ചിത്രം നിലവിൽ ലഭ്യമാകുന്നത്. കേരളത്തിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൂലൈ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യംദിനം തന്നെ മികച്ച കളക്ഷനാണെന്നാണു റിലീസ് ചെയ്ത തിയേറ്ററുകളിൽനിന്ന് ചിത്രത്തിന് ലഭിച്ചത്. ഇതിനിടെയാണ് ചിത്രം നെറ്റിൽ ലഭ്യമായത്. അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ്, തെലുങ്ക് ചിത്രങ്ങളും ഈ സൈറ്റുകളിൽ ലഭ്യമാണ്. കമൽഹാസൻ നായകനായ ദൃശ്യം തമിഴ്പതിപ്പ് പാപനാസത്തിന്റേയും തീയേറ്റർ പ്രിന്റ് ചില സൈറ്റുകളിൽ ലഭ്യമായിരുന്നു.

മലയാളചിത്രം പ്രേമത്തിന്റെ പൈറസി വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ബാഹുബലിയും നെറ്റിൽ പ്രചരിക്കുന്നത്.രാജ്യത്ത് നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ബഹുഭാഷാ ചിത്രമാണ് ബാഹുബലി. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ചിത്രം രണ്ടുഭാഗങ്ങളിലായാണ് ഒരുക്കുന്നത്. ഇതിന്റെ ആദ്യഭാഗമാണ് ഇന്നലെ റിലീസ് ചെയ്തത്. രണ്ടാം ഭാഗം 2016 പകുതിയോടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

പ്രഭാസ് നായകനാകുന്ന ചിത്രം മലയാളമുൾപ്പടെ നാലുഭാഷകളിലും വിദേശഭാഷകളിലും മൊഴിമാറ്റം ചെയ്യുന്നുണ്ട്. അനുഷ്‌കാ ഷെട്ടിയും തമന്നയുമാണ് നായികകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ, സത്യരാജ്, നാസർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.