ഹിന്ദുക്കളുടെ അധോഗതിക്ക് കാരണം ഹിന്ദുക്കള്‍ തന്നെയെന്ന് മോഹന്‍ ഭാഗവത്

ഹിന്ദുക്കളുടെ അധോഗതിക്ക് കാരണം ഹിന്ദുക്കള്‍ തന്നെയെന്ന്  മോഹന്‍ ഭാഗവത്. ഇക്കാര്യത്തില്‍ മുഗളന്‍മാരെയും ബ്രിട്ടീഷുകാരെയും പഴിക്കേണ്ടതില്ല. ഹിന്ദുക്കള്‍ ദുര്‍ബലരായി പോയതുകൊണ്ടാണ് ഈ അവസ്ഥ വന്ന് ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹിന്ദു സമാജം സ്ഥാപിക്കുന്നതിനായുള്ള ഉറച്ച തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തനം ആര്‍ക്കും എതിരെ അല്ലെന്നും എന്നാല്‍ എല്ലാക്കാലത്തേയുമെന്നതുപോലെ രാഷ്ട്രീയക്കാര്‍ നമ്മുടെ ഉദ്ദേശങ്ങളെ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ പോലും ഹിന്ദു ആചാരങ്ങള്‍ നടത്താന്‍ മതപരമായ സ്വാതന്ത്ര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം അങ്ങനെ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അടിച്ചമര്‍ത്തപ്പെടുന്നതില്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നതെന്നും ചോദിച്ചു.ശനിയാഴ്ച കൊല്‍ക്കത്ത പൊലീസ് ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ആര്‍.എസ്.എസ് റാലിയിലാണ് മോഹന്‍ ഭാഗവത്തിന്റെ പ്രസ്താവനയുണ്ടായത്.