മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമ കേരള പിറവി ദിനത്തില്‍ തീയേറ്ററുകളില്‍

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുക്കുന്ന ഡ്രാമയുടെ പുതുക്കിയ റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് കേരള പിറവി ദിനത്തിലായിരിക്കും ചിത്രം തിയേറ്ററുകളില്‍ എത്തുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഏതാണ്ട് പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച ഡ്രാമ ഓണത്തിന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍. പ്രളയം കേരളത്തെ തകര്‍ത്ത് എറിഞ്ഞതോടെ സിനിമയുടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും കൈകോര്‍ക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മഹാ സുബൈറും എം.കെ. നാസറും ചേര്‍ന്നാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രഞ്ജിത്ത് തന്നെയാണ്.

ആശാ ശരത്ത്, കനിഹ, ബൈജു, രഞ്ജി പണിക്കര്‍, ശ്യാമപ്രസാദ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍.