മൂത്തോനു വേണ്ടി വി എഫ് എക്സ് ഒരുക്കുന്നത് ലൈഫ് ഓഫ് പൈ ടീം

ഗീതു മോഹൻദാസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മൂത്തോൻ.  അടുത്ത വർഷം റിലീസിനെത്തുന്ന ഈ ചിത്രം നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഈ കഴിഞ്ഞ ജൂലൈയിൽ മുംബൈയിൽ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഈ വരുന്ന ഒക്ടോബറിൽ ലക്ഷദ്വീപ് ഐലൻഡിൽ തുടങ്ങുമെന്നാണ് അറിയാൻ സാധിക്കുന്നത് രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയത് പ്രശസ്ത ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനും നിർമ്മാതാവുമായ അനുരാഗ് കശ്യപ് ആണ് . ഒട്ടേറെ പ്രശസ്ത ബോളിവുഡ് ടെക്നിഷ്യന്മാർ ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഹോളിവുഡ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളവരും ഈ ചിത്രത്തിൽ പ്രവർത്തിക്കാൻ പോകുന്നു എന്നാണ്.

വി എഫ് എക്‌സിനു പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ജോലികൾ ചെയ്യുന്നത് ലൈഫ് ഓഫ് പൈ എന്ന ഹോളിവുഡ് ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ചെയ്ത ടീം ആണെന്നാണ്  വരുന്ന വാർത്തകൾ. അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ നിവിൻ പോളി തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. അതുപോലെ ശശാങ്ക് അറോറ, സോബിത ധുലിപാല , ഹാരിഷ് ഖന്ന എന്നെ ബോളിവുഡ് നടന്മാരും ഈ ചിത്രത്തിന്റെ ഭാഗം ആണ്. സുജിത് ശങ്കർ, അലെൻസിയർ , സൗബിൻ ഷാഹിർ, മെലിസ തോമസ് എന്നിവർ മലയാളത്തിൽ നിന്നും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വളരെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. ശ്യാമ പ്രസാദിന്റെ ഹേ ജൂഡ് പൂർത്തിയാകുന്ന നിവിൻ ഇനി റോഷൻ ആൻഡ്രൂസിന്റെ  കായംകുളം കൊച്ചുണ്ണിയിൽ ജോയിൻ ചെയ്യും. അതിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ആയിരിക്കും നിവിൻ മൂത്തോന്റെ രണ്ടാം ഷെഡ്യൂൾ ചെയ്യുക.