ചലിക്കുന്ന വായനശാലകളുമായി ഇന്ത്യന്‍ റെയില്‍വേ

മുംബൈ: ചലിക്കുന്ന വായനശാലകളുമായി ഇന്ത്യന്‍ റെയില്‍വേ. ദീര്‍ഘ ദൂര ട്രെയിന്‍ യാത്ര നടത്തുന്ന പുസ്തക പ്രേമികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ട്രെയിനിനുള്ളില്‍ തന്നെ ചെറിയ വായനശാല സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഡെക്കാണ്‍ ക്യൂന്‍, പഞ്ചവടി എക്‌സപ്രെസ് എന്നീ ട്രെയിനുകള്‍ക്കുള്ളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ‘ബുക്ക് ഓണ്‍ വീല്‍സ്’ എന്നാണ് പദ്ധതിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡേയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

ഓരോ ട്രെയിനിലും 250-300 പുസ്തകങ്ങള്‍ വരെയാണ് ഒരുക്കിയിരിക്കുന്നത്. ആളുകള്‍ക്ക് പുസ്തകങ്ങള്‍ ഇഷ്ടാനുസരണം സൗജന്യമായി തെരഞ്ഞെടുത്ത് വായിക്കാം.

ആദ്യഘട്ടത്തില്‍, മറാത്തി സാഹിത്യം, ചരിത്രം, ജീവചരിത്രങ്ങള്‍ തുടങ്ങിയവയാണ് ആളുകള്‍ക്ക് ലഭ്യമാകുക. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പുസ്തകങ്ങള്‍ പിന്നീട് ക്രമീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഓരോ ട്രയിനിലും രണ്ട് പേരെ വായനശാലയുടെ മേല്‍നോട്ടത്തിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കാന്‍ സഹായിച്ച റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് വിനോദ് താവ്‌ഡേ നന്ദി പറഞ്ഞു.

ആളുകളുടെ പ്രതികരണമനുസരിച്ച് പദ്ധതി മറ്റിടങ്ങളിലേക്ക് വിപുലീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും താവ്‌ഡേ പറഞ്ഞു.

Show More

Related Articles

Close
Close