ചെറിയനാട് മരണം: കൊലപാതകമെന്ന് പോലീസ്

ss
ചെറിയനാട്:
ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം നാടാലില്‍ തെക്കേതില്‍ പരേതനായ രാഘവന്‍ നായരുടെയും ശാന്തമ്മയുടെയും മകന്‍ പ്രസന്നന്‍ (48)കൊല്ലപ്പെട്ട കേസില്‍ ചെറിയനാട് സ്വദേശി വിഷ്ണു വി പിള്ള (24),ആല സ്വദേശി സതീഷ്‌ ബാബു ( കൊച്ചുമോന്‍ 38 ) എന്നിവരെ ചെങ്ങന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ഒന്നാം തീയതി രാത്രിയില്‍ ആണ് സംഭവം നടന്നതെന്നും,മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറയുന്നു. രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ആല നെടുവരംകോട് ഷാപ്പില്‍ വച്ച് മദ്യപിച്ച ശേഷം പ്രസന്നനും വിഷ്ണുവും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ,വിഷ്ണുവിനെ പ്രസന്നന്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നത്രേ.

സുഹൃത്തായ സതീഷ്ബാബുവിനോട് ഈ കാര്യം വിഷ്ണു പറഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരും പ്രസന്നനെ തിരികെ ഉപദ്രവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി വീട് വിട്ടു കഴിയുകയായിരുന്ന പ്രസന്നന്‍, സ്ഥിരമായി കിടന്നുറങ്ങുന്ന ആല നെടുവരംകോട് കുരംപോലില്‍ ജംഗ്ഷനിലെ മാടക്കടക്ക് സമീപം എത്തിയ ഇരുവരും ചേര്‍ന്ന് ഉറങ്ങി കിടക്കുക ആയിരുന്ന പ്രസന്നനെ കഴുത്തില്‍ തോര്‍ത്ത്‌ ചുറ്റിയ ശേഷം മുഖം നിലത്തിടിച്ച് മര്‍ദിക്കുക ആയിരുന്നത്രെ.തുടര്‍ന്ന് തിരികെ പോയ പ്രതികള്‍ പ്രസന്നന്‍ മരിച്ച വിവരം അറിഞ്ഞിരുന്നില്ലത്രേ..പിറ്റേന്ന് രാവിലെ സമീപവാസികളാണ് കഴുത്തിലും,മുഖത്തും പരുക്കേറ്റ നിലയില്‍ മൃതദേഹം കണ്ടത്.

മദ്യലഹരിയില്‍ മുഖമടിച്ചു വീണതാകാം എന്നാണ് നാട്ടുകാരും,ബന്ധുക്കളും കരുതിയിരുന്നത് എങ്കിലും പോലീസിന് സംശയം തോന്നിയിരുന്നു. പോലീസ് സര്‍ജന്റെ റിപ്പോര്‍ട്ട് ഈ സംശയം ബലപ്പെടുത്തി. ചെങ്ങന്നൂര്‍ സി ഐ ബിനുകുമാര്‍, എസ് ഐ ധനീഷ് എന്നിവരുടെ നേതൃത്തത്തില്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പതിനഞ്ചോളം പേരെ ചോദ്യം ചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് ഷാപ്പില്‍ വച്ച് നടന്ന വഴക്കിന്റെ വിവരം പോലീസിന് ലഭിച്ചത്. ചോദ്യം ചെയ്യാനായി ഇരുവരെയും വിളിച്ചു വരുത്തിയപ്പോള്‍ , മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ കൂടുതല്‍ അന്വേഷണത്തിലാണ് യഥാര്‍ത്ഥ സംഭവം പുറത്ത് വന്നത്. തുടര്‍ന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്‌.കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള അന്വേഷണത്തിലാണ് ചെങ്ങന്നൂര്‍ പോലീസ്.