ദക്ഷിണകൊറിയയുടെ മിലിട്ടറി സൈബർ കമാൻഡ് ഉത്തരകൊറിയ ഹാക്ക് ചെയ്തു

ഹാക്കിങ് തടയുന്നതിനുള്ള സുരക്ഷ സംവിധാനങ്ങൾ ഭേദിച്ച് ഉത്തരകൊറിയ ദക്ഷിണകൊറിയയുടെ മിലിട്ടറി സൈബർ കമാൻഡ് ഹാക്ക് ചെയ്തുവെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. ക്ലാസിഫൈഡ് വിവരങ്ങൾ ഉൾപ്പെടെ ഹാക്ക് ചെയ്തുവെന്നാണ് സൈനിക വക്താവ് ബിബിസിയോട് പറഞ്ഞത്.

പ്രധാന്യം കുറഞ്ഞ രേഖകളാണോ അതോ യുദ്ധവിമാനങ്ങളുടേതുൾപ്പെടെയുള്ള വിവരങ്ങളാണോ ചോർന്നതെന്ന് വ്യക്തമല്ല. ആക്രമണം നടന്നത് തിരിച്ചറിഞ്ഞതുമുതൽ ആ നെറ്റ്‌വർക്ക് മാറ്റിയിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു.

ഉത്തരകൊറിയയിൽ നിരവധി പേർ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ദക്ഷിണകൊറിയൻ സർക്കാർ ഏജൻസികൾക്കെതിരെയും ബാങ്ക്, മീഡിയ കമ്പനികൾക്കെതിരെയും ഉത്തരകൊറിയയിൽ നിന്ന് ആക്രമണമുണ്ടായതായി കണ്ടെത്തിയിരുന്നു.

സൈബർ കമാൻഡ് നൽകുന്ന സൈർവറിൽ മാൽവെയർ കണ്ടെത്തിയെന്നും രഹസ്യ വിവരങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയെന്നും സൈനിക വക്താവ് വാർത്ത ഏജൻസിയായ യോനപിനോട് പറഞ്ഞു.