ചോദ്യ ചെയ്യല്‍ പൂര്‍ത്തിയായി; നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ;പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ നാദിര്‍ഷയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആലുവ പൊലീസ് ക്ലബില്‍ അഞ്ച് മണിക്കൂറിലധികം സമയം ചോദ്യം ചെയ്തു. തന്റെ നിരപരാധിത്വം അന്വേഷണസംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നാദിര്‍ഷ പറഞ്ഞു. ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിന് മുന്നില്‍ നാദിര്‍ഷ ഹാജരായെങ്കിലും ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. അതിനിടെ, റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യ വാദം പൂര്‍ത്തിയാക്കിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി പറയാന്‍ മാറ്റി വച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങള്‍. കേസിലെ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നത് തടയാനാണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്. നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതില്‍ അന്വേഷണം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. കേസില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 28വരെ കോടതി നീട്ടുകയും ചെയ്തു.

നാലാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയില്‍ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടര്‍ന്നാണ് ദിലീപ് വീണ്ടും കീഴ്‌ക്കോടതിയെ സമീപിക്കുന്നത്. ജയില്‍വാസം 60 ദിവസം പിന്നിട്ടതിനാല്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ക്രിമിനല്‍ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരില്‍ നിലനില്‍ക്കില്ല. ഇതുണ്ടെങ്കില്‍ മാത്രമേ 90 ദിവസം റിമാന്‍ഡിന് കാര്യമുള്ളൂ. നഗ്‌നചിത്രമെടുക്കാന്‍ ഗൂഢാലോചന നടത്തി എന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തപ്പെട്ടിട്ടുള്ളത്. അതുപ്രകാരം 60 ദിവസത്തില്‍ കൂടുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സോപാധിക ജാമ്യത്തിനു പ്രതി അര്‍ഹനാണ്. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.